സംസ്ഥാനത്തെ 22 പ്രദേശങ്ങളെ കൂടി ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ചു; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 101 ആയി ഉയര്‍ന്നു

തിരുവനന്തപുരം; സംസ്ഥാനത്തെ 22 പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ടസ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 101 ആയി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതെസമയം സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് 10 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്കും കര്‍ണാടക, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും വന്ന ഒരോരുത്തര്‍ക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. രണ്ട് തടവുകാര്‍ക്കും , ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതു കൂടാതെ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്യൂവിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ ഏഴ്, തൃശ്ശൂര്‍ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസര്‍കോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

അതെസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് രോഗം ഭേദമായി. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂര്‍ മലപ്പുറം കാസര്‍കോട് ഒന്ന് വീതം ആളുകള്‍ക്കുമാണ് രോഗം ഭേദമായത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി ഇന്ന് മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1150 ആയി. ഇതില്‍ 577 പേര്‍ ചികിത്സയിലുണ്ട്.

Exit mobile version