ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങിയത് രണ്ടേക്കാല്‍ ലക്ഷംപേര്‍; വ്യാജ ആപ്പ് നിര്‍മ്മിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നപ്പോള്‍ ഇന്ന് മാത്രം രണ്ടേകാല്‍ ലക്ഷം പേരാണ് മദ്യം വാങ്ങിയത്. ബെവ്ക്യൂ ആപ്ലിക്കേഷന്‍ വഴി വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കിയാണ് മദ്യവില്‍പ്പന പുനരാരംഭിച്ചത്.

2,25,000 പേരാണ് ആദ്യദിവസം ബെവ്ക്യൂ ആപ്പ് ഉപയോഗപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ദിവസം ചിലയിടങ്ങളില്‍ സാങ്കേതിക തടസ്സമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബെവ്ക്യൂ വ്യാജ ആപ്പ് നിര്‍മിച്ച് പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും അന്വേഷണ ചുമതല.

Exit mobile version