കാസര്‍കോട് കൊറോണ നിരീക്ഷണത്തിലായിരുന്ന 63കാരി മരിച്ചു

കാസര്‍കോട്: കൊറോണ നിരീക്ഷണത്തിലായിരുന്ന സ്ത്രീ കാസര്‍കോട്ട് മരിച്ചു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീന്റെ ഭാര്യ ആമിന (63) ആണ് മരിച്ചത്. ഗോവയില്‍ നിന്നെത്തിയ ആമിന നിരീക്ഷണത്തില്‍ കഴിയവെ ബുധനാഴ്ച വൈകീട്ടോടെ വീട്ടില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

അതേസമയം ആമിനയുടെ സ്രവം കൊറോണ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംസ്ഥാനത്ത് 1004 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി 107832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1106940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Exit mobile version