ആദ്യം പായസത്തിലും പിന്നീട് ജ്യൂസിലും മയക്കുമരുന്ന് നല്‍കി; രണ്ട് തവണ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പും ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നെന്ന് തുറന്ന് പറഞ്ഞ് സൂരജ്

കൊട്ടാരക്കര: കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്നു നല്കിയിരുന്നതായി ഭര്‍ത്താവ് സൂരജ്. അഞ്ചല്‍ ഉത്രകൊലപാതക കേസില്‍ ഭര്‍ത്താവ് സൂരജിന്റെ കൂടുതല്‍ മൊഴിവിവരങ്ങള്‍ പുറത്തുവന്നു. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പാണ് ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയതെന്ന് സൂരജ് പോലീസിനോട് പറഞ്ഞു.

പാമ്പ് കടിക്കുന്നതിന് മുമ്പ് രണ്ട് തവണയും സൂരജ് ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിട്ടുണ്ട്. പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്കിയതെന്ന് സൂരജ് പറഞ്ഞു. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെപോയതെന്ന് പോലീസ് കരുതുന്നു.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവും. സംഭവം ശരിയാണെന്നതിന് അന്വേഷണത്തില്‍ പോലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പോലീസെത്തി തെളിവെടുപ്പ് നടത്തി.

മാര്‍ച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേര്‍ത്തത്. തുടര്‍ന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിച്ചു. എന്നാല്‍ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി.

അടുത്ത തവണ പാമ്പ് കടിയേറ്റ്‌ മേയ് ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂര്‍ഖനെ ശരീരത്തിലേക്ക് എറിയും മുന്‍പ് സൂരജ് ഗുളിക ചേര്‍ത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ് കൂട്ടിയാണ് ജ്യൂസില്‍ മരുന്ന് പൊടിച്ചു ചേര്‍ത്തത്. ഇതോടെ ഉത്ര അബോധാവസ്ഥയിലായി. 5 വയസ്സുള്ള മൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.

ഉത്രയെ കൊത്തിയതെന്നു സംശയിക്കുന്ന പാമ്പിന്റെ വിഷപ്പല്ലും മാംസഭാഗങ്ങളും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാമ്പിന്റെ ഡിഎന്‍എ. പരിശോധനയും നടത്തും. ഒരുവര്‍ഷമായി സൂരജ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തില്‍ സൂരജിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.

Exit mobile version