കിണറില്‍ ലക്ഷങ്ങളുടെ നോട്ടുകളടങ്ങിയ ലോക്കര്‍ കണ്ടെത്തിയ സംഭവം: ലോക്കറിന്റെ ഉടമയെ കണ്ടെത്തി, അഞ്ച് വര്‍ഷം മുമ്പ് നടന്ന കവര്‍ച്ച ഇങ്ങനെ

കുന്നംകുളം: കിണര്‍ വൃത്തിയാക്കുന്നതിനിടെ ലോക്കര്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. കുന്നംകുളം പെലക്കാട്ടുപയ്യൂരിലായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ വീട്ടുകിണര്‍ വൃത്തിയാക്കാന്‍ വറ്റിക്കുമ്പോഴാണ് നിരോധിച്ച നോട്ടുകെട്ടുകളടങ്ങിയ ലോക്കര്‍ കിട്ടിയത്. ആയിരത്തിന്റെ നോട്ടുകള്‍ കുതിര്‍ന്ന നിലയിലായിരുന്നു. ഏകദേശം അരക്കോടി രൂപയോളം ഉണ്ടാകുമെന്നാണ് നിഗമനം.

കിണറില്‍ പൂട്ടിയ നിലയില്‍ കണ്ടെത്തിയ ലോക്കറിനെ കുറിച്ച് ദുരൂഹത നിറഞ്ഞിരുന്നു. ഒടുവില്‍ ലോക്കറിന്റെ ഉടമയെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. ലോക്കറില്‍ ഒരു നമ്പര്‍ ഉണ്ടായിരുന്നു. ആ നമ്പര്‍ പ്രകാരം ആരാണ് ലോക്കര്‍ വാങ്ങിയതെന്ന് കുന്നംകുളം എ.സി.പി ടി.എസ്.സിനോജിന്റേയും ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷിന്റേയും നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയായിരുന്നു.

2014 ഒക്ടോബര്‍ പതിനൊന്നിന് കയ്പറമ്പിലെ കണ്‍സ്യൂമര്‍ഫെഡിന്റെ മരുന്നു ഗോഡൗണിലേയ്ക്കു നല്‍കിയ ലോക്കറായിരുന്നു. അന്ന് ഗോഡൗണിന്റെ ഗ്രില്ല് തകര്‍ത്ത ശേഷം ലോക്കര്‍ കവര്‍ന്നിരുന്നു.

അഞ്ചര വര്‍ഷം മുമ്പു നടന്ന ആ കവര്‍ച്ച നടത്തിയവരെ പിടികൂടിയിട്ടില്ലായിരുന്നു.
ഗോഡൗണിന്റെ ലോക്കറില്‍ നിന്ന് പോയ തുകയുടെ വിശദാംശങ്ങള്‍ പോലീസ് സ്റ്റേഷന്റെ ഫയലിലുണ്ടായിരുന്നു. ആയിരത്തിന്റെ 245 നോട്ടുകള്‍. നൂറിന്റേയും അഞ്ഞൂറിന്റേയും വേറെ, പിന്നെ ഒരു രൂപ കോയിനും. രണ്ടേമുക്കാല്‍ ലക്ഷം രൂപയോളം ആ ലോക്കറിലുണ്ടായിരുന്നു.

കറന്‍സികള്‍ കുതിര്‍ന്ന് പോയെങ്കിലും ഒരു രൂപ കോയിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ മോഷ്ടിക്കപ്പെട്ട ലോക്കറില്‍ ഒറ്റരൂപ കോയിനുള്ള കാര്യം പോലീസ് രേഖകളിലുണ്ടായിരുന്നു. അങ്ങനെ, ലോക്കര്‍ കണ്‍സ്യൂമര്‍ ഫെഡിലേത് തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് മാനേജര്‍ സ്റ്റേഷനില്‍ എത്തി ലോക്കറും തിരിച്ചറിഞ്ഞു.

അതേസമയം, ലോക്കര്‍ കൊള്ളയടിച്ചവരിലേക്കുള്ള അന്വേഷണവും നീളുകയാണ്. ഇതുവരെ തുമ്പൊന്നും കിട്ടാതിരുന്ന കേസ് അന്വേഷണത്തിന് ഇതൊരു ഊര്‍ജ്ജമായിരിക്കുകയാണ്. പ്രഫഷനല്‍ കള്ളന്‍മാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

നൂറ്റിയന്‍പതിലേറെ കിലോ ഭാരം വരുന്നതാണ് ലോക്കര്‍. ഒരാള്‍ക്കു മാത്രം ഉയര്‍ത്താന്‍ കഴിയില്ല. കള്ളന്‍മാര്‍ സംഘമായിട്ടായിരിക്കണം ഓപ്പറേഷന്‍ നടത്തിയത്. ലോക്കര്‍ പൊളിക്കാന്‍ കള്ളന്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ടാകില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പൊലീസ് തന്നെ ലോക്കര്‍ തുറന്നത്. ലോക്കര്‍ തള്ളിയ കിണറ്റിലേക്ക് റോഡില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ പോകണം. അത്രയും ദൂരം ഈ ലോക്കര്‍ ചുമന്ന് കൊണ്ടുപോകാന്‍ നല്ല കരുത്തു വേണം. ആള്‍ബലവും വേണം.

മാത്രമല്ല, വിരലടയാളം നോക്കി കള്ളന്‍മാരെ കണ്ടെത്തുമെന്ന മുന്‍വിധിയിലാണ് ലോക്കര്‍ കിണറ്റില്‍ തള്ളിയത്. വെള്ളത്തിലാകുമ്പോള്‍ വിരലടയാളം കിട്ടില്ലെന്ന് അവര്‍ കണക്കുകൂട്ടിയിട്ടുണ്ടാകും.

Exit mobile version