കോവിഡ് സാമ്പത്തിക പാക്കേജ്; 1000 രൂപ വിതരണം ഇന്നുമുതല്‍ , സഹകരണബാങ്ക് ജീവനക്കാര്‍ വീടുകളില്‍ തുക എത്തിച്ച് നല്‍കും

തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്തവര്‍ക്കാണ് സാമ്പത്തിക സഹായം.

ധനസഹായം അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്. ജൂണ്‍ ആറു വരെയാണ് വിതരണം.അര്‍ഹതപ്പെട്ടവരുടെ ഓരോ കാര്‍ഡിനും 1000 രൂപ വീതമാണ് നല്‍കുക.

ഈ വിഭാഗത്തില്‍ പെടുന്ന 1478236 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്.

അതേസമയം തുക കൈപ്പറ്റുമ്പോള്‍ മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം നല്കണം. മരണശേഷവും ഗൃഹനാഥയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അര്‍ഹതയുടെ മറ്റു മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റൊരു മുതിര്‍ന്ന കുടുംബാംഗത്തിന് പണം നല്കി, സത്യവാങ്മൂലം വാങ്ങേണ്ടതാണ്.

Exit mobile version