സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടത്, വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം; മുഖ്യമന്ത്രി

തിരുവനന്തപുരം: ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.

വാര്‍ത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. കേരളം എന്നത് വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സംഭവം വന്‍ വിവാദമായി മാറിയിരിക്കുകയാണിപ്പോള്‍. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് ഇതിനോടകം രംഗത്തെത്തിയത്.

Exit mobile version