കവിതാ കോപ്പിയടി വിവാദം: തന്നെ ട്രാപ്പിലാക്കിയതാണ്, കവിത മറ്റൊരാളുടേത് തന്നെ; വിവാദത്തില്‍ വിശദീകരണവുമായി ദീപാ നിശാന്ത്

തൃശ്ശൂര്‍: എസ് കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച വിവാദത്തില്‍ പ്രതികരണവുമായി ദീപാ നിശാന്ത്. താന്‍ ട്രാപ്പിലാവുകയായിരുന്നു, എസ് കലേഷിന്റെ കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപ ടീച്ചര്‍ പറയുന്നു.

മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നത്. ഈ ആരോപണം വരുമ്പോള്‍ ‘നിഷേധിക്കുന്നതാണ് നല്ലത്’ എന്ന് അയാള്‍ പറഞ്ഞു. അയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് താന്‍ അറിഞ്ഞു. അയാളുടെ പേര് മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകഴിഞ്ഞു. താനായിട്ട് പേര്് പറയുന്നില്ലെന്നും ദീപ നിശാന്ത് ന്യൂസ്റപ്റ്റിനോട് പ്രതികരിച്ചു.

താന്‍ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് കവിത എംജെ ശ്രീചിത്രന്‍ ദീപയ്ക്ക് നല്‍കുകയായിരുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോപണം വിചിത്രമായാണ് തനിക്ക് തോന്നുനന്തെന്നും വ്യക്തിഹത്യയുടെ ഭാഗമാണ് ഇതെന്നും ശ്രീചിത്രന്‍ പ്രതികരിച്ചിരുന്നു. ശ്രീചിത്രന്റെ പ്രതികരണത്തിന് മറുപടി പറയുകയാണ് ദീപ.

വളരെ സമര്‍ഥമായ പ്രതികരണങ്ങളുമായി അയാള്‍ വരികയാണ്. എല്ലാം എനിക്ക് നേരെ തന്നെയായിരിക്കും. കാരണം എന്റെ കയ്യില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും ഇല്ല. ഈയടുത്ത് സംസാരിച്ചതിന്റെ തെളിവുകളാണ് ആകെയുള്ളത്. പക്ഷെ അതും ഞാന്‍ പുറത്തുവിടുന്നില്ല. അത് സംഘികള്‍ക്ക് ഒരു അവസരം ഉണ്ടാക്കിക്കൊടുക്കണ്ട എന്നോര്‍ത്തിട്ടാണ്. ഇടത് ബൗദ്ധിക മുഖമായി നില്‍ക്കുന്നയാള്‍ക്കെതിരെ പറഞ്ഞ് വെറുതെ പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നോര്‍ത്താണ്.
‘അയാള്‍ എന്റെ കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തരം ഒരുകാര്യം പുറത്തറിഞ്ഞാല്‍, അയാളുടെ കുടുംബവും അയാള്‍ക്കുള്ള ഫെയ്മും സാഹചര്യങ്ങളും തകര്‍ന്നുപോകുമെന്ന ഭയം ആയാള്‍ക്കുണ്ട്.’

വളരെ നിര്‍ദ്ദോഷമായ കളവാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ അത് എന്നോട് ഒന്ന് പറയുകയെങ്കിലും ചെയ്തൂടായിരുന്നോ? ഞാനെന്തെങ്കിലും പറയുമോ എന്ന് പേടികൊണ്ടുള്ള പ്രതികരണങ്ങളാണ് അയാളില്‍ നിന്ന് വരുന്നത്. ഞാനെന്തായാലും പേര് പറയാന്‍ പോലും ഉദ്ദേശിക്കുന്നില്ല. പേര് പോലും ഞാനല്ല പറഞ്ഞതും. പിന്നെ ക്യാരക്ടര്‍ അസ്സാസിനേഷന്‍ നടത്താനാണ് ആരോപണം എന്ന് പറയുന്നത് എങ്ങനെയാണ്? ഒരു തെറ്റും ചെയ്യാതെയാണ് ഞാന്‍ ഇതെല്ലാം കേള്‍ക്കുന്നത് എന്നതാണ്. ഞാന്‍ ആ കവിത കണ്ടിരുന്നു. പക്ഷെ അതിന്റെ കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. വേറെ ചില വ്യക്തികളും കൂടി അതില്‍ ഇന്‍വോള്‍വ്ഡ് ആണ്. അതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ട്. എന്നെ ട്രാപ്പിലാക്കിയതാണ്.’

കലേഷ് 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിടിഎ മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കലേഷ് വ്യക്തമാക്കി. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. ദീപ നിശാന്ത് വിളിച്ചിരുന്നൂ, പക്ഷേ അവരോട് ഈ അവസരത്തില്‍ സംസാരിക്കാന്‍ തോന്നിയില്ലെന്നും കലേഷ് പറഞ്ഞിരുന്നു.

എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ വ്യക്തമാക്കിയിരുന്നു.

ഞാന്‍ പൊതു ഇടത്തില്‍ നില്‍ക്കുന്ന ഒരാളാണ്. ഇത്രയധികം ശത്രുക്കളുള്ള ആളാണ്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോള്‍ അതെല്ലാം ഞാന്‍ ആലോചിക്കാതിരിക്കുമോ? ഈ ആരോപണം വന്നതിന് പിന്നില്‍ കുറേ കാര്യങ്ങളുണ്ട്. ഈ ആരോപണം എങ്ങനെ വന്നു എന്ന് കൃത്യമായി അറിയാം. മറ്റുപലരേയും ബാധിക്കുന്ന, വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ഒരുപാട് കാര്യങ്ങള്‍ പറയേണ്ടി വരും. അവരെ ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല.

Exit mobile version