കള്ളപ്പണ കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിം കുഞ്ഞ് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തി പരാതിക്കാരന്‍, പണം വാഗ്ദാനം ചെയ്തത് വീട്ടില്‍ വിളിച്ചു വരുത്തി

കൊച്ചി: കള്ളപ്പണ കേസ് പിന്‍വലിക്കാനായി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍ ഗിരീഷ് ബാബു. അഞ്ച് ലക്ഷമാണ് വാഗ്ദാനം ചെയ്തത്. പരാതിക്ക് പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന് പറയാന്‍ ഇബ്രാഹിം കുഞ്ഞ് നിര്‍ബന്ധിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കള്ളപ്പണ കേസ് പിന്‍വലിക്കാന്‍ എഗ്രിമെന്റ് ഒപ്പിടാനും നിര്‍ബന്ധിച്ചുവെന്നും ഗിരീഷ് തുറന്നടിച്ചു.

വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതും പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതും ചില ലീഗ് നേതാക്കളാണെന്ന് പറഞ്ഞ് എഴുതി നല്‍കിയാല്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞതായി ഗിരീഷ് ബാബു വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് എഗ്രിമെന്റിന്റെ പകര്‍പ്പും പരാതിക്കാരന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞിന്റെ ആളുകള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയപ്പോഴാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറയുന്നു.

പിന്നീട്, കേസ് പിന്‍വലിക്കാന്‍ കഴിയില്ലെങ്കില്‍ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നല്‍കിയതെന്ന് കത്ത് നല്‍കാനും ആവശ്യപ്പെട്ടു. കത്ത് നല്‍കിയാല്‍ അഞ്ചു ലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. നാട്ടില്‍ എനിക്ക് പരിചയമുള്ള ഇബ്രാഹിംകുഞ്ഞുമായി അടുപ്പമുള്ള ചിലരാണ് ആദ്യം സമീപിച്ചത്. പിന്നീട് ഇബ്രാഹിംകുഞ്ഞുമായും മകനുമായും അവരുടെ വീട്ടിലെത്തി സംസാരിച്ചു. ഇബ്രാഹിംകുഞ്ഞ് നേരിട്ടാണ് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞതെന്നും ഗിരീഷ് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട ഫോണ്‍കോളുകള്‍ താന്‍ റെക്കോഡ് ചെയ്തിട്ടില്ലെന്നും സിസിടിവിയും മൊബൈല്‍ ലൊക്കേഷനും പരിശോധിച്ചാല്‍ താന്‍ അവരുടെ വീട്ടില്‍ പോയിരുന്ന കാര്യം വ്യക്തമാകുമെന്നും ഗിരീഷ് പറയുന്നു. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറില്‍ നോട്ട് നിരോധനം നിലവില്‍ വന്നതിന് തൊട്ടു പിന്നാലെ പത്രത്തിന്റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

Exit mobile version