നസിറുദ്ദീന്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു

ഒരു ലക്ഷം രൂപയാണ് പിഴ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ ശിക്ഷിച്ചത്.

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുറ്റ്യാടി വേളം പുത്തലത്തെ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അടക്കം രണ്ടും പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഒരു ലക്ഷം രൂപയാണ് പിഴ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കല്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടിവരും. ബാക്കിയുള്ള അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. കോടതി ഒന്നിലാണ് വിചാരണ നടന്നത്. ഏഴ് പ്രതികളുള്ള കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15ന് രാത്രിയാണ് നസീറുദ്ദീനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

കുറ്റ്യാടി വേളം പുത്തലത്ത് അനന്തോട്ട് താഴെ വെച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുള്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റിലെത്തിയ പ്രതികള്‍ ഇരുവരേയും തടഞ്ഞു നിര്‍ത്തുകയും നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കേസില്‍ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, ഒടി റഫീഖ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, ചമ്പേങ്ങോട്ടുമ്മല്‍ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവര്‍ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീര്‍ , കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും മൂന്നു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍ , പ്രതികള്‍ക്ക് ഒളിസങ്കേതമൊരുക്കുക, കൊലപാതകം ഒളിച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റഊഫിന്റെ മൊഴി നിര്‍ണായകമാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സികെ ശ്രീധരനായിരുന്നുസ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

ഒന്നാംപ്രതി കച്ചേരി ബഷീറാണ് രാഷ്ടീയ വൈരാഗ്യം വെച്ച് നസീറുദ്ദീനെ കുത്തിയത്. നസീറുദ്ദീന്റെ നെഞ്ചിലും മുതുകളിലും മറ്റ് ശരീര ഭാഗങ്ങളിലുമായി കുത്തിയതോടോ റോഡില്‍ വീണ് മരിക്കുകയായിരുന്നു എന്നാണ് പ്രധാന സാക്ഷിയുടെ മൊഴി. പ്രതികള്‍ ഉപയോഗിച്ചിരുന്ന മാരകായുധങ്ങളും പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രവും സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റൗഊഫിന് പുറമെ കൊലപാതകം നടക്കുമ്പോള്‍ ഓടിയെത്തിയ പ്രദേശവാസികളായ ബാലന്‍, ശൈലേഷ്, ആസിഫ്, ഹാരിസ് എന്നീ സാക്ഷികളേയും കോടതി വിസ്തരിച്ചിരുന്നു.

Exit mobile version