നബാര്‍ഡിന്റെ 2500 കോടിയുടെ വായ്പ ‘സുഭിക്ഷകേരളം’ പദ്ധതിയ്ക്ക് വിനിയോഗിക്കും: കാര്‍ഷികമേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് അനുവദിച്ച 2500 കോടിയുടെ വായ്പ സുഭിക്ഷകേരളം പദ്ധതിയ്ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

നബാര്‍ഡ് വായ്പ കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സുഭിക്ഷകേരളം പദ്ധതി വിജയിപ്പിക്കുന്നതിന് ഉപയോഗിക്കും. കേരളത്തിന് ആകെ വകയിരുത്തിയ 2500 കോടിരൂപയില്‍ 1500 കോടി രൂപ കേരള ബാങ്ക് വഴിയും 1000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നല്‍കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക.

കേരള ബാങ്കിന് അനുവദിച്ച 1500 കോടിയില്‍ 990 കോടിരൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്. ബാക്കി 510 കോടിരൂപ സ്വയം തൊഴില്‍, കൈത്തറി, കരകൗശലം, കാര്‍ഷികോല്പന്ന സംസ്‌കരണം, ചെറിയ കച്ചവടം മുതലായവയ്ക്ക് പ്രവര്‍ത്തന മൂലധനമായി നല്‍കും.

കാര്‍ഷികമേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് പഴയരീതികളില്‍ നിന്ന് മാറാന്‍ കേരളം തയ്യാറെടുക്കുകയാണ്. കൃഷിയില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും കൃഷി നടത്താന്‍ കഴിയണം. ഭൂമിയുടെ ഉടമസ്ഥത നോക്കാതെ സ്വയം സഹായ സംഘങ്ങള്‍ക്കും പാടശേഖര സമിതികള്‍ക്കും കര്‍ഷകരുടെ കൂട്ടായ്മക്കും കുടുംബശ്രീക്കുമെല്ലാം വായ്പ നല്‍കാന്‍ കേരള ബാങ്കും പ്രാഥമിക കാര്‍ഷിക സംഘങ്ങളും ശ്രദ്ധിക്കണം. പശുവളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയ്ക്കും എളുപ്പത്തില്‍ വായ്പ കിട്ടുന്ന സ്ഥിതിയുണ്ടാകണം. കേരളത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മത്സ്യം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

ഒരു വര്‍ഷത്തേക്കാണ് നബാര്‍ഡിന്റെ വായ്പ. ദീര്‍ഘകാല ഗ്രാമീണ വായ്പാ ഫണ്ടായി കേരളത്തിന് 1600 കോടി രൂപയും ലഭിക്കും. ഇതില്‍ 500 കോടി കേരളബാങ്കിനും 500 കോടി കേരള ഗ്രാമീണ ബാങ്കിനും 600 കോടി കേരള ലാന്റ് ഡവലപ്‌മെന്റ് ബാങ്കിനുമാണ്.

Exit mobile version