കുട്ടികളുടെ അരങ്ങേറ്റത്തിനുള്ള അവസരം നഷ്ടമാവില്ല; ‘സര്‍ഗ്ഗ സാകല്യ’വുമായി സാംസ്‌കാരിക വകുപ്പ്, ഫേസ്ബുക്ക് പേജിലും യൂട്യൂബിലും, ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച മന്ത്രി എകെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും

തിരുവനന്തപുരം: കൊവിഡ് 19 വ്യാപകമായതോടെ നഷ്ടപ്പെട്ടത് പുതുതായി കലാഭ്യസനം നടത്തിയ കുട്ടികള്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരമാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനും കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് പ്രചോദനം നല്‍കുവാനുമായി സാംസ്‌കാരിക വകുപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ സര്‍ഗ്ഗ സാകല്യം’ ( https://www.facebook.com/Sargasakalyam.kerala.gov.in ) എന്ന നാമത്തില്‍ ഫേസ്ബുക്കും യൂട്യൂബ് ചാനലുമാണ് ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും, സാംസ്‌കാരിക സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന കലാപരിപാടികള്‍ പ്രദര്‍ശിപ്പിക്കുവാനും സര്‍ഗ സാകല്യം വേദിയാവും. കേരളീയ കലകളുടെ അധ്യയനം വ്യാപകമാക്കുന്നതിനും കലാകാരമാര്‍ക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനും വേണ്ടി സാംസ്‌കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. വിവിധ കലകളില്‍ പ്രാഗല്‍ഭ്യം നേടിയ ആയിരം യുവകലാകാരമാരാണ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്ന് വര്‍ഷമായി സംസ്ഥാനത്തെ 14 ജില്ലകളിലും കലാപഠനം നടന്നു വരികയാണ്. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിലെ കലാകാരമാര്‍ ക്ലാസിക്കല്‍, സമകാലീന, ഫോക്ലോര്‍ വിഭാഗങ്ങളില്‍പ്പെട്ട 45 കലാരൂപങ്ങളിലും തോല്‍പ്പാവകൂത്ത്, കാക്കാരശ്ശി നാടകം, കഥാപ്രസംഗം, ഇന്ദ്രജാലം എന്നീ കലാരൂപങ്ങളിലുമായി 43000 ഓളം കുട്ടികളെ വിവിധ കലകള്‍ അഭ്യസിപ്പിച്ചുകഴിഞ്ഞു.

കൊവിഡ് 19 ന്റെ വരവോടെ പുതുതായി കലാഭ്യസനം നടത്തിയ കുട്ടികള്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരം നഷ്ടമായിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനും കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് പ്രചോദനം നല്‍കുവാനുമായി ‘ സര്‍ഗ്ഗ സാകല്യം’ എന്ന ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഉപയോഗിക്കുവാന്‍ തീരുമാനിച്ചതായി സംസ്‌കാരിക വകുപ്പ് അറിയിച്ചു.

സാംസ്‌കാരിക വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന പ്രധാനപ്പെട്ട പരിപാടികളും ഈ പേജില്‍ കാണാവുന്നതാണ്. പേജിന്റെ ഔദ്യോഗിക ഉദ്ഘാടനം 17-05-2020 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ നിര്‍വ്വഹിക്കും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നടത്തുക.

Exit mobile version