ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍ ഇവ

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമാണ് യാത്ര അനുമതി ഉണ്ടാവുക. മറ്റു വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ആളുകള്‍ നടന്നും സൈക്കിളിലും പോകുന്നതിന് അനുവദിക്കും.

അതെസമയം അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കും. പാല് സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല.

ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്ക് പോകുന്നതിന് പുരോഹിതന്മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. മാലിന്യ നിര്‍മാര്‍ജനം,നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വരുന്ന ഉത്പാദന സംസ്‌കരണ ശാലകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും.

Exit mobile version