എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസിന് അനുമതി ലഭിച്ചതായി
മുഖ്യമന്ത്രി പിണറായി വിജയന്‍.

ഡല്‍ഹിയില്‍ നിന്നടക്കം പ്രത്യേക ട്രെയിന്‍ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് നോണ്‍ എസി ട്രെയിനാക്കി എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെയ് 18 മുതല്‍ ജൂണ്‍ 14 വരെ കേരളത്തില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പശ്ചിമബംഗാളിലേയ്ക്ക് അയക്കും. ഇതിനായി 28 ട്രെയിനുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പതിനാറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട് അഞ്ച്, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ട്, കൊല്ലം കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. നാല് പേര്‍ തമിഴ്നാട്ടില്‍ നിന്നും രണ്ട് പേര്‍ മുംബൈയില്‍ നിന്നെത്തിയവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 576 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 80 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Exit mobile version