കൊവിഡ് ക്വാറന്റീനിന്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടില്‍ എത്തി കാര്യങ്ങള്‍ അന്വേഷിക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്വാറന്റീന്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തും.നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പോലീസുകാര്‍ ബൈക്കില്‍ പട്രോളിങ് നടത്തും. പോലീസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും.- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാല്‍ കരുതല്‍ വര്‍ധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version