ഇന്ന് ആശങ്കയുടെ ദിനം; 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശങ്കയുടെ ദിനം. പുതുതായി 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേര്‍ക്ക് നെഗറ്റീവായി. കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്.

11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കാസര്‍കോട് എഴു പേര്‍ക്ക് വയനാട്ടില്‍ മൂന്നുപേര്‍ക്ക് പാലക്കാട് ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇന്ന് രോഗം ബാധിച്ചവരില്‍ കാസര്‍കോടുകാരായ രണ്ട് ആരോഗ്യപ്രവര്‍ത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

കേന്ദ്രധനമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതിനാൽ 5.30 ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. കേരളത്തില്‍ 560 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36910 പേരാണ് നിരീക്ഷണത്തിലുള്ളത്. 36362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 174 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Exit mobile version