വീട്ടിൽ ചാരായം വാറ്റി; സിനിമാപ്രവർത്തകർക്ക് ഇടയിൽ വിറ്റഴിച്ചു; സഹസംവിധായകനെ എക്‌സൈസ് പിടികൂടി; കടം വീട്ടാനാണ് വാറ്റെന്ന് പ്രതി

കൊച്ചി: വീട്ടിൽ വെച്ച് ചാരായം വാറ്റി സഹപ്രവർത്തകർക്ക് ഇടയിൽ വിറ്റഴിച്ച കേസിൽ സിനിമാ-സീരിയൽ പ്രവർത്തകൻ പിടിയിൽ. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന പെരുമ്പാവൂർ ഒക്കൽ സ്വദേശി വട്ടപ്പാറ മണിയെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 250 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

ഒക്കലിലെ വീട്ടിൽ ചാരായം വാറ്റി വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. സഹസംവിധായകനായിരുന്ന കാലത്ത് ഒരുപാട് കടമുണ്ടായെന്നും ഇത് വീട്ടാനാണ് ചാരായം വാറ്റിയെന്നതുമാണ് ഇയാളുടെ മൊഴി.

അതേസമയം, വാറ്റ് ചാരായം സിനിമാപ്രവർത്തകർക്കിടയിലാണ് വിറ്റിരുന്നതെന്ന് ഇയാൾ മൊഴി നൽകിയതായി എക്‌സൈസ് സിഐ ഹാരിഷ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version