കേരളത്തിനകത്ത് ട്രെയിന്‍ യാത്രയ്ക്ക് അനുമതിയില്ല; ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കും, നടപടി സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് ഇളവ് ഏര്‍പ്പെടുത്തി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയെങ്കിലും കേരളത്തിനകത്തുള്ള ട്രെയിന്‍ യാത്രയ്ക്ക് അനുമതിയില്ല. ഡല്‍യില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ ഉത്തരവിറക്കുകയും ചെയ്തു. കേരളത്തിനകത്തെ യാത്രക്ക് അനുമതി നല്‍കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഈ നടപടി.

ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന ട്രെയിനില്‍ നിന്ന് കോഴിക്കോട് നിന്നോ എറണാകുളത്തുനിന്നോ ആളെ കയറ്റില്ല. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കും. ജില്ല വിട്ടുള്ള യാത്ര തല്‍ക്കാലം വേണ്ടെന്ന നിലപാട് സംസ്ഥാനം സ്വീകരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് എത്തുക. ആദ്യ ട്രെയിനില്‍ 700 യാത്രക്കാര്‍ വരെ തമ്പാനൂരിലേക്ക് എത്താമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ്പ് ഉള്ളത്. നാളെ പുലര്‍ച്ചെ അഞ്ചരയോടെ ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

Exit mobile version