കണ്ണെഴുതി, പൊട്ടുകുത്തി മുത്തശ്ശിയെ സുന്ദരിയാക്കി കൊച്ചുമിടുക്കി, കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുകയാണ് ഈ കുഞ്ഞുമകളും മുത്തശ്ശിയുമെന്ന് സമൂഹമാധ്യമങ്ങള്‍

കൊച്ചുകുട്ടികളും പ്രായമായവരും എന്നും നല്ല കൂട്ടാണ്. കുട്ടികളുടെ എല്ലാ കുസൃതിത്തരങ്ങള്‍ക്കും മുത്തശ്ശനും മുത്തശ്ശിയും ഒരു മടിയും കൂടാതെ, വഴക്കുപറയാതെ കൂട്ടുനില്‍ക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയം തോന്നുന്നതും ഇവരോട് തന്നെയാകും.

അത്തരത്തില്‍ ഒരു കുസൃതിക്കുരുന്നിന്റേയും, മുത്തശ്ശിയുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനംനിറയ്ക്കുന്നത്. മുത്തശ്ശിയെ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കുന്ന കൊച്ചുമിടുക്കിയാണ് ഈ വീഡിയോയിലെ താരം. മുത്തശ്ശിയ്ക്ക് കണ്ണെഴുതിക്കൊടുക്കുകയും, പൊട്ടുകുത്തുകയും ചെയ്യുകയാണ് കുട്ടി.

കുട്ടിയ്ക്ക് മുന്‍പില്‍ വളരെ അനുസരണയോടെ മുത്തശ്ശി ഇരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. വളരെ ശ്രദ്ധയോടെയാണ് കുട്ടി മേക്കപ്പ് ചെയ്യുന്നത്. മോളുടെ മേക്കപ്പ് കഴിയുമ്പോള്‍ നിഷ്‌കളങ്കമായ ഒരു ചെറുചിരിയും നല്‍കുന്നുണ്ട് ഈ മുത്തശ്ശി.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ട ഈ സ്‌നേഹ വീഡിയോയ്ക്ക് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുകയാണ് ഈ കുഞ്ഞുമകളും മുത്തശ്ശിയും എന്നാണ് മിക്കവരുടെയും പ്രതികരണം. വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Exit mobile version