രണ്ട് ടണ്‍ പച്ചക്കറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; മാതൃകയായി ഇടുക്കിയിലെ നാല് കര്‍ഷകര്‍

ഇടുക്കി: കൊവിഡ് 19 പ്രതിരോധത്തില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന് പിന്തുണയും സഹായവുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോള്‍ രണ്ട് ടണ്‍ പച്ചക്കറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഇടുക്കിയിലെ നാല് കര്‍ഷകര്‍. വിളവെടുത്ത രണ്ട് ടണ്ണോളം വരുന്ന പച്ചക്കറിയാണ് സംഭാവന ചെയ്തത്.

കഴിഞ്ഞയാഴ്ച എല്ലപ്പെട്ടി എസ്റ്റേറ്റിലെ കര്‍ഷകനായ വിജിയും കുടുംബവും തങ്ങള്‍ വിളയിച്ചെടുത്ത കാബേജിന്റെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നന്മയുടെ വിളകളുമായി കൂടുതല്‍ കര്‍ഷകര്‍ രംഗത്തെത്തുന്നത്. എല്ലപ്പെട്ടി എസ്റ്റേറ്റിലുള്ള കെകെ ഡിവിഷനിലെ കര്‍ഷകരായ പികെ സെന്തില്‍കുമാര്‍, കെവി മനോഹരന്‍, ജെകെ ജെയകൊടി, എസ്കെ സെല്‍വകുമാര്‍ എന്നിവരാണ് പച്ചക്കറികള്‍ സംഭാവന നല്‍കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ്ക്ക് നല്‍കുന്നതിന്റെ ഭാഗമായി വിളവെടുത്ത കാബേജ് ദേവികുളം തഹസില്‍ദാര്‍ ജിജി എം കുന്നപ്പള്ളിക്ക് കൈമാറി. കര്‍ഷകരെ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ അനുമോദിക്കുകയും ചെയ്തു. കാബേജ്, ക്യാരറ്റ്, കിഴങ്ങ്, കോളിഫ്‌ലവര്‍ ഉള്‍പ്പെടെയുള്ള രണ്ട് ടണ്ണോളം വരുന്ന പച്ചക്കറിയാണ് കര്‍ഷകര്‍ നല്‍കിയത്.

Exit mobile version