മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1660 പേര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1660 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. സംസ്ഥാനത്ത് മാസ് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. മാസ്‌ക് വില്‍പ്പന സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് പൊതുവില്‍ എല്ലാവരും മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നു.അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. -മുഖ്യമന്ത്രി പറഞ്ഞു.

റോഡരികില്‍ ചിലയിടത്ത് മാസ്‌ക് വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സുരക്ഷിതമല്ലാത്ത വില്‍പ്പന അനുവദിക്കില്ല. മാസ്‌ക് മുഖത്ത് വച്ച് നോക്കി തിരിച്ച് കൊടുത്ത് പോകുന്നത് പോലുള്ള നടപടികള്‍ അനുവദിക്കില്ല. മാസ്‌ക് വില്‍പ്പന സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കും. -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനതലത്തില്‍ മാസ്‌ക് ഉല്‍പ്പാദനം വര്‍ധിച്ചത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version