‘ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുകയാണ് പ്രതിപക്ഷം’; വിമര്‍ശിച്ച് കെഎന്‍ ബാലഗോപാല്‍

തൃശ്ശൂര്‍: പാസില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്തി വിടണമെന്ന പ്രതിപക്ഷം ഉന്നയിക്കുന്ന അനാവശ്യ വിവാദങ്ങളെ വിമര്‍ശിച്ച് സിപിഎം നേതാവ് കെഎന്‍ ബാലഗോപാല്‍. അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കി പ്രതിഷേധിപ്പിച്ച അതെ നാണം കെട്ട രാഷ്ട്രീയമാണ് പ്രതിപക്ഷം ഇവിടെയും കളിക്കുന്നതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കാത്തവരെ അതിര്‍ത്തി കടത്തി വിടുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനിടയുണ്ട്. അത്‌കൊണ്ടാണ് പാസ് നല്‍കാത്തത് എന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍ കുറെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും അതിര്‍ത്തിയില്‍ പാസില്ലാതെ എത്തുന്ന ആളുകളെ എരി കയറ്റി തെറ്റിദ്ധരിപ്പിച്ച്, കേരളം ഒരു രാജ്യം അല്ല പാസ്സിന്റെ ആവശ്യം ഇല്ല, എന്നൊക്കെ വിളിച്ചു പറയുന്നതായി കാണുന്നു. ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍. ചിട്ടയോടെ നടക്കുന്ന കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് അവരുടെ ശ്രമം.

ലോകത്തിനു തന്നെ മാതൃകയായ കേരള മോഡല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണ്ട് പരിഭ്രാന്തരായ പ്രതിപക്ഷം മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നുവെന്നും ബാലഗോപാള്‍ കുറ്റപ്പെടുത്തി. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്ന് മാത്രം ഓര്‍ത്തു കൊള്ളുക എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷത്തിനെതിരെ ബാലഗോപാല്‍ വിമര്‍ശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡുമായി ബന്ധപ്പെട്ട് ലോകത്തെല്ലായിടത്തും പലതരം പ്രോട്ടോകോളുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രാനുമതിയോടു കൂടി അത്തരം വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
അതിലൊന്ന് കേരള അതിര്‍ത്തി കടന്നുവരുന്ന ഇതര സംസ്ഥാന മലയാളികള്‍ പാസുമായി വരണം എന്നതാണ്. അതാത് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പാസും കേരളം നല്‍കുന്ന എന്‍ട്രി പാസും എടുത്തു വേണം സംസ്ഥാന അതിര്‍ത്തി കടക്കാന്‍. പാസ്സെടുത്തു വരുന്നവര്‍ക്ക് കൊറന്റൈന്‍ ഉള്‍പ്പെടെ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അവരുടെ എല്ലാ വിവരങ്ങളും അതത് ജില്ലാ ഭരണകൂടത്തിന്റെ കൈവശം ഉണ്ട്.

എന്നാല്‍ പാസില്ലാതെ കുറെ ആളുകള്‍ അതിര്‍ത്തിയിലേക്ക് വരുന്നുണ്ട്. അവരെ കയറ്റി വിടാന്‍ നിര്‍വാഹം ഇല്ലെന്ന് ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ അറിയിക്കുകയും അവരെ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. ഈ കോവിഡ് കാലത്ത് അങ്ങനെ പ്രവര്‍ത്തിക്കാന്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയൂ. ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കാത്തവരെ അതിര്‍ത്തി കടത്തി വിടുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനിടയുണ്ട്.

എന്നാല്‍ കുറെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും അതിര്‍ത്തിയില്‍ പാസില്ലാതെ എത്തുന്ന ആളുകളെ എരി കയറ്റി തെറ്റിദ്ധരിപ്പിച്ച്, കേരളം ഒരു രാജ്യം അല്ല പാസ്സിന്റെ ആവശ്യം ഇല്ല, എന്നൊക്കെ വിളിച്ചു പറയുന്നതായി കാണുന്നു. ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍. ചിട്ടയോടെ നടക്കുന്ന കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് അവരുടെ ശ്രമം.

കോവിഡ് യാത്രാനിരോധനം കാരണം കേരളത്തിലെ വിവിധ ജില്ലകളില്‍ ആഴ്ചകളോളം കുടുങ്ങിപ്പോയവര്‍ക്ക് സ്വന്തം വീട്ടിലെത്താന്‍ യാത്രാനുമതി ലഭിച്ചത് അടുത്ത ദിവസങ്ങളിലാണ് . അവരാരും ഒരു കലാപവും ഉണ്ടാക്കിയില്ല. നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടവരാണ് അവര്‍. കാര്യങ്ങള്‍ മനസിലാക്കാത്ത അതിഥി തൊഴിലാളികളെ തെരുവിലിറക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചത് നമുക്ക് ഓര്‍മ്മ ഉണ്ടല്ലോ?
കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന കേരളത്തെ എങ്ങനെയെങ്കിലും രോഗികളാല്‍ നിറയ്ക്കണം എന്ന ലക്ഷ്യമാണ് അവരുടേത്.

ഒരു ഏത്തപ്പഴക്കുല വാങ്ങി, പത്തു പേര്‍ക്കു പഴം വിതരണം ചെയ്താല്‍ കിട്ടുന്ന വാര്‍ത്താ സാദ്ധ്യതകള്‍ മാത്രം ലക്ഷ്യമാക്കുന്ന നാണം കെട്ട രാഷ്ട്രീയം നാടിനെ നശിപ്പിക്കും എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകും എന്ന് ഇവര്‍ മനസിലാക്കണം .ലോകത്തിനു തന്നെ മാതൃകയായ കേരള മോഡല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കണ്ട് പരിഭ്രാന്തരായ പ്രതിപക്ഷം മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്ന് മാത്രം ഓര്‍ത്തു കൊള്ളുക

Exit mobile version