സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. അവശ്യസേവനങ്ങള്‍ക്കു മാത്രമേ ഇന്ന് അനുമതിയുണ്ടാകൂവെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. മാധ്യമങ്ങള്‍ക്കും വിവാഹ, മരണച്ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമല്ല.

ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് സഞ്ചാരത്തിനുള്ള അനുവാദമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. മറ്റ് അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പോലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കുകയുള്ളു എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

അതേസമയം ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകള്‍വീതം രാവിലെ അഞ്ചുമുതല്‍ 10 വരെ അടച്ചിടും. കോഴിക്കോട്ട് ബീച്ച്റോഡ്, എരഞ്ഞിപ്പാലം-സരോവരം പാര്‍ക്ക് പിഎച്ച്ഇഡി റോഡ്, വെള്ളിമാടുകുന്ന്-കോവൂര്‍ റോഡ് എന്നീ റോഡുകളാണ് ഇന്ന് അടയ്ക്കുന്നത്.

Exit mobile version