ഒന്നേകാൽ ലക്ഷത്തിലേറെ മുറികൾ സജ്ജം; നാൽപ്പതിനായിരം പരിശോധനാ കിറ്റുകളും ഒരുക്കി; സർക്കാർ ഹൈക്കോടതിയിൽ

high court

കൊച്ചി: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി നാൽപ്പതിനായിരം പരിശോധനാ കിറ്റുകളും 1,25,000ത്തിൽ അധികം മുറികളും സജ്ജമാക്കിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നതിനെ കുറിച്ച് വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിന് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

പ്രവാസികളുടെ കൊവിഡ് പരിശോധനയടക്കം പൂർത്തീകരിക്കുന്നതിന് നാൽപ്പതിനായിരത്തോളം ആർടിപിസിആർ കിറ്റുകൾ അടക്കം സജ്ജമാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. 1,16,500 മുറികൾ (ബാത്‌റൂം അറ്റാച്ച്ഡ്) ക്വാറന്റൈനു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഒമ്പതിനായിരത്തോളം മുറികൾ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

പണം നൽകി ക്വാറന്റൈൻ സൗകര്യം ഉപയോഗിക്കാൻ സാധിക്കുന്നവർക്ക് ഈ ഒമ്പതിനായിരം മുറികൾ ഉപയോഗിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് 13 കോടിയോളം രൂപ ഇതുവരെ ജില്ലാ അതോറിറ്റികൾക്ക് കൈമാറിയെന്നും സർക്കാർ അറിയിച്ചു.

Exit mobile version