വിവിധ സംസ്ഥാനങ്ങളിലുള്ള 1,66,263 മലയാളികള്‍ നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തു; പാസിന് അപേക്ഷിച്ചത് 28,272 ആളുകള്‍

തിരുവനന്തപുരം: രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കര്‍ണാടകം, തമിഴ്‌നാട്,മഹാരാഷ്ട്ര ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ 55168 പേര്‍, തമിഴ്‌നാട്ടില്‍- 50863, മഹാരാഷ്ട്രയില്‍ 27515 തെലങ്കാനയില്‍ 6422 എന്നിങ്ങനെയാണ് മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം
ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചത്. 5470 പാസ് വിതരണം ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചവരെ 515 പേര്‍ വിവിധ ചെക്‌പോസ്റ്റുകള്‍ വഴി എത്തിയിട്ടുണ്ട്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന അാടിസ്ഥാനത്തില്‍ പാസ് നല്‍കുന്നുണ്ട്. അതിര്ത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ അഞ്ചിലൊന്നാളുകള്‍ക്ക് മാത്രമേ സ്വന്തം വാഹനങ്ങളിലോ, വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തോ നാട്ടിലെത്താന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് ഗതാഗത സൗകര്യം ആവശ്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ഇടപെടലും ആവശ്യമുണ്ട്. അതിനാല്‍ അവര്‍ക്ക് പ്രത്യേക ട്രെയിന്‍ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാന്‍ അത്യാവശ്യം ഉള്ളവരുമായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതാനാവശ്യമായ ക്രമീകരണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് കൊവിഡ് 19 ജാഗ്രതാപോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കളക്ടറില്‍ നിന്നും യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്ക്‌പോസ്റ്റ് എത്തുന്ന തീയതിയും സമയം രേഖപ്പെടുത്തി അപേക്ഷ നല്‍കണം.

കളക്ടര്‍മാര്‍ അനുവദിക്കുന്ന പാസ് മൊബൈല്‍, ഈമെയില്‍ വഴിയാണ് നല്‍കുക. ഏത് സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നതിന് ഉളള അനുമതിയും സ്‌ക്രീനിങ് വേണമെങ്കില്‍ അതും യാത്ര തിരിക്കുന്നതിന് മുമ്പ് ഉറപ്പാക്കണം. നിര്‍ദിഷ്ട സമയത്ത് ചെക്്‌പോസ്റ്റ് എത്തിയാല്‍ പാസ് കാണിച്ച് ആവശ്യമായ വൈദ്യപരിശോധനക്കുശേഷം സംസ്ഥാനത്തേക്ക് കടക്കാം. വാഹനങ്ങളില്‍ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തിവരെ വാടക വാഹനത്തില്‍ വന്ന് തുടര്‍ന്ന് മറ്റൊരുവാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡ്രൈവര്‍മാര്‍ യാത്രക്ക് ശേഷം ക്വാറന്റൈനില്‍ പോകണം. രോഗലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍ പോയി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാം. രോഗലക്ഷണമുള്ള യാത്രക്കാരെ കൊവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും.

മററുസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുട്ടകളേയോ, ഭാര്യാഭര്‍ത്താക്കന്മാരെയോ, മാതാപിതാക്കളെയോ കൂട്ടിക്കൊണ്ടുവരാന്‍ അങ്ങോട്ട് യാത്ര ചെയ്യേണ്ടി വരുന്നെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതിയും സ്വന്തം ജില്ലാകളക്ടര്‍മാരില്‍ നിന്നും പാസ് വാങ്ങണം. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് മടക്കയാത്രക്ക് അതത് ജില്ലാകളക്ടര്‍മാര്‍ പാസുനല്‍കും. കേരളത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അവിചാരിത ബുദ്ധിമുട്ടുകളുണ്ടായാല്‍ സെക്രട്ടറിയേറ്റിലെ വാര്‍റൂമുമായോ നിര്‍ദിഷ്ട ചെക്ക്‌പോസ്റ്റുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version