പൊരുതി ജയിച്ചാണ് ജോയ് ‘കപ്പല്‍ ജോയി’ ആയത്, അറക്കല്‍ പാലസിന്റെ നാഥനായത്, യുഎഇയിലെ ഏറ്റവും വലിയ എണ്ണ ടാങ്കര്‍ ശുദ്ധീകരണ സ്റ്റേഷന്‍ ഉടമയായത്, വയനാടന്‍ ജനതയുടെ കരുത്തായത്

1966 ല്‍ വയനാട് മാനന്തവാടിയില്‍ ഉലഹന്നാന്‍-പരേതയായ ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ജോയ് 1997 ലാണ് ദുബായില്‍ എത്തി ബിസിനസ് ആരംഭിക്കുന്നത്. ജോയിയുടെ പിതാവ് ഉലഹന്നാനും ഒരു ബിസിനസ്സുകാരനായിരുന്നു. ബിസിനസ് രക്തത്തിലുള്ള ജോയ് തന്റെ പരീക്ഷണം നടത്തിയത് കുരുമുളകിലായിരുന്നു.

എംകോമും സിഎ ഇന്ററും പാസായ ജോയ് പിന്നീട് പ്രവാസലോകത്തേക്ക് ചേക്കേറി. ദുബായില്‍ എത്തിയ ജോയി ക്രൂഡ് ഓയില്‍ വ്യാപാരം, പെട്രോ കെമിക്കല്‍ ഉല്‍പന്ന നിര്‍മാണം, എണ്ണ ടാങ്ക് ശുചീകരണം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇതിന് പുറമെ യുഎഇയുടെ മൊബൈല്‍ സേവന ദാതാക്കളായ എത്തിസലാത്തിന്റെ പ്രധാന കരാറുകളും അദ്ദേഹത്തിന്റെ കമ്പനി ഏറ്റെടുത്തു ചെയ്തു. പതിയെ പതിയെ ജോയ് പച്ചപിടിച്ചുതുടങ്ങി. പിന്നീട് പെട്ടെന്ന് തന്നെ അറിയപ്പെടുന്ന ബിസിനസ്സുകാരനായി മാറി. ഗള്‍ഫ് മേഖലയിലെ എറ്റവും വലിയ എണ്ണ ടാങ്കര്‍ ശൂദ്ധീകരണ സ്റ്റേഷന്‍ ഉടമയായ ജോയിക്ക് ആഫ്രിക്കയലും ഇന്ത്യയിലും കമ്പനികളുണ്ടായിരുന്നു.

ഏതാനും വര്‍ഷം മുന്‍പാണ് ജോയ് കപ്പല്‍ വാങ്ങിയത്. ഇതോടെ ജോയ് ‘കപ്പല്‍ ജോയി’ എന്ന് അറിയപ്പെട്ടു തുടങ്ങി. രണ്ട് വര്‍ഷത്തിന് ശേഷം കപ്പല്‍ കൈമാറിയെങ്കിലും ആ പേര് വിട്ടുമാറിയില്ല. ഹംറിയ ഫ്രീസോണ്‍ കമ്പനി തുടങ്ങിയതിന് 2018 ല്‍ മികച്ച സംരംഭകനുള്ള യുഎഇ സര്‍ക്കാരിന്റെ അവാര്‍ഡ് ജോയിയെ തേടിയെത്തി.

വന്‍കിട നിക്ഷേപകര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന 10 വര്‍ഷത്തേയ്ക്കുള്ള ഗോള്‍ഡ് വീസയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച വ്യവസായിക്കുള്ള ലൈഫ് ടൈം അചീവ് മെന്റ് അവാര്‍ഡും ജോയി കരസ്ഥമാക്കിയിരുന്നു.

അങ്ങനെയിരിക്കെ 2018 ഡിസംബര്‍ 29 നാണ് ജോയ് തന്റെ സ്വപ്‌നമായ അറക്കല്‍ പാലസ് പണിതത്. നാല് ഏക്കര്‍ സ്ഥലത്ത് 45,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥിതിചെയ്യുന്ന ഈ വസതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധനേടി.

സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും ജോയ് സമൂഹത്തിനും കരുതലായി മാറിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമുഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ജോയി. മാനന്തവാടിയിലെ ആശുപത്രിയില്‍ മാതാവിന്റെ ഓര്‍മ്മയ്ക്കായി സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള ഭവനിര്‍മാണ പദ്ധതിക്ക് രണ്ടരയേക്കര്‍ സ്ഥലം സംഭാവന ചെയ്തിരുന്ന അദ്ദേഹം പ്രളയകാലത്ത് ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ തന്റെ വീടും വിട്ടുനല്‍കിയിരുന്നു. നിര്‍ധന കുടുംബത്തിലെ യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കാനും ജോയി മുന്നിട്ടിറങ്ങി.

സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിച്ച് ഒരു ജനതയ്ക്ക് തന്നെ താങ്ങായി ജോയ് മാറിയിരുന്നു. അതുകൊണ്ട് തന്നെ ബിസിനസ്സ് പ്രമുഖന്‍ കപ്പല്‍ ജോയിയുടെ മരണം വയനാടന്‍ ജനതയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ജോയിയുടെ മരണം ഇന്നും പലര്‍ക്കും വിശ്വസിക്കാനാവുന്നില്ലെന്നത് തന്നെയാണ് സത്യം.

ബിസിനസ് രംഗത്തെ പ്രതിസന്ധികളില്‍ തകര്‍ന്നു പോയ അറക്കല്‍ ജോയി ഏപ്രില്‍ 23 ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ദുബായി പോലീസ് വ്യക്തമാക്കുന്നത്. രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം സംഭവിക്കുന്നത്. ഇത് ജോയിക്ക് മനോവിഷമം ഉണ്ടാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകുന്നത് ജോയിയെ ഏറെ തളര്‍ത്തിയെന്നാണ് സുഹൃത്ത് പറയുന്നത്.

പെട്രോള്‍ വിലയിടിവില്‍ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂര്‍ത്തീകരണം വൈകിപ്പിച്ചത്. ഇതിനിടെ പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ ജോയ് ബര്‍ ദുബായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Exit mobile version