ഗ്രീൻ സോണിൽ മാളും ബാർബർ ഷോപ്പുകളും തുറക്കില്ല; പരീക്ഷകൾ നടത്താം; എസി ഇടാതെ കാറോടിക്കാം, ഹോട്‌സ്‌പോട്ടിൽ ഒഴികെ ഭക്ഷണം പാഴ്‌സൽ; ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി സംസ്ഥാനം

തിരുവനന്തപുരം: ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെട്ടതോടെ സംസ്ഥാനം ലോക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ഹോട്ട് സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങളോടെ മാത്രം ജനങ്ങൾക്ക് പുറത്തിറങ്ങാനാകും. ഓറഞ്ച് സോണിൽ ഉൾപ്പടെ ഇളവുകൾ നൽകും.

ഗ്രീൻ സോണുകളിലും മാളുകളും ബാർബർ ഷോപ്പുകളും വിദ്യഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരീക്ഷ നടത്തിപ്പിനായി മാത്രം ഗ്രീൻ സോണിൽ തുറക്കാൻ അനുമതിയുണ്ട്.

ഗ്രീൻ സോണിൽ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം തുറന്നുപ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിൽ പരമാവധി അമ്പത് ശതമാനം ജീവനക്കാരാകാം. രണ്ട് നില അല്ലാത്ത ടെക്‌സ്‌റ്റൈൽസുകൾക്കും തുറക്കാൻ അനുമതിയുണ്ട്.

കാറുകളിൽ ഡ്രൈവറെക്കൂടാതെ രണ്ട് പേരിലധികം യാത്ര ചെയ്യരുത്. എസി പ്രവർത്തിപ്പിക്കരുത്. പാർക്ക്, ജിംനേഷ്യം എന്നിവയും തുറന്ന് പ്രവർത്തിക്കരുത്. ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോട്ട്‌സ്‌പോട്ടിൽ പാഴ്‌സൽ വിൽപ്പനയും അനുവദിക്കില്ല. മദ്യശാലകളും തുറന്നുപ്രവർത്തിക്കില്ല. വിവാഹത്തിലും മരണചടങ്ങുകളിലും നിയന്ത്രണം തുടരും. 20 പേർക്ക് മാത്രമാണ് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ ആവുക.

ഗ്രീൻസോണിലടക്കം പൊതുഗതാഗതം അനുവദിക്കില്ല. 65 വയസിന് മുകളിൽ പ്രായമുള്ളവരും 10 വയസിൽ താഴെയുള്ളവരും പുറത്തിറങ്ങരുത്.

നാട്ടിലെത്തുന്ന പ്രവാസികൾക്കും കർശന നിർദേശങ്ങൾ ഉണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കും. വീട്ടിലെത്തുന്നവർ ക്വാറന്റൈനിൽ കഴിയണം. സ്വന്തം ചിലവിൽ ഹോട്ടലുകളിലും താമസിക്കാം. ഇവിടേയും ക്വാറന്റൈൻ നിർബന്ധമാണ്.

Exit mobile version