ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാര ചടങ്ങുകള്‍ നാളെ

കരിപ്പൂര്‍: ദുബായില്‍ മരിച്ച പ്രമുഖ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹവുമായി ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരിലെത്തി. മൃതദേഹം ജന്മസ്ഥലമായ വയനാട്ടിലെ മാനന്തവാടിയിലേക്ക് കൊണ്ടുപോകും. മൃതദേഹം രാവിലെ കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജോയിയുടെ ഭാര്യയും മക്കളും നാട്ടിലെത്തിയിട്ടുണ്ട്.

ഏപ്രില്‍ 23നായിരുന്നു ജോയി അറയ്ക്കല്‍ ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചിരുന്നു.

കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹത്തിന്റെ പുതിയൊരു പദ്ധതി പൂര്‍ത്തിയാകുന്നതിലുണ്ടായ കാലതാമസം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അടുത്ത സുഹൃത്ത് അറിയിച്ചിരുന്നു.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. 2 ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.

അതേസമയം, ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യന്‍, സൗദി ബാങ്ക് പ്രതിനിധികള്‍ക്കു പുറമെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി.

കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകന്‍ അരുണിനെയോ കുടുംബം നിര്‍ദ്ദേശിക്കുന്ന ആളെയോ ഉള്‍പ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version