പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യ; സ്ഥിരീകരിച്ച് ദുബായ് പോലീസ്

ദുബായ്: കഴിഞ്ഞ ആഴ്ച മരിച്ച പ്രമുഖ വ്യവസായിയായ ജോയി അറയ്ക്കല്‍ ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.
ബിസിനസ് ബേയിലെ സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ജോയ് അറയ്ക്കല്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മാസം 23-നായിരുന്നു മരണം.

സാമ്പത്തികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് ബുര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു. അരുണ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി.

മൃതദേഹം നാട്ടിലേക്കയക്കനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇന്ന് എത്തിക്കുമെന്നാണ് സൂചന. ജോയി അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള എംപിമാരും ദുബായിലെ സാമൂഹിക പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരില്‍ വലിയ സമ്മര്‍ദമാണ് ചെലുത്തിയത്.

തുടര്ന്ന് മൃതദേഹം കൊണ്ടുവരുന്നതിന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര ആഭ്യന്തര-ആരോഗ്യ-വ്യോമയാന മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതി വാങ്ങിയാണ് ചാര്‍ട്ടേഡ് വിമാനം എത്തുന്നത്. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അന്തിമോപചാരത്തിനുശേഷമാണ് സോനാപ്പൂരിലെ എംബാമിങ് സെന്ററില്‍ നിന്ന് മൃതദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു.

ഒന്നുമില്ലായ്മയില്‍നിന്ന് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ജോയ് അറയ്ക്കല്‍. യുഎഇയിലും ഇതര ജിസിസി രാജ്യങ്ങളിലുമായി പതിനൊന്ന് കമ്പനികളാണ് ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ വ്യവസായസംരംഭങ്ങളുണ്ട്.തൊണ്ണൂറുകളിലാണ് സന്ദര്‍ശകവിസയില്‍ ജോയ് ദുബായിലെത്തയത്. എം.കോം. ബിരുദധാരിയായ ജോയ് ട്രൈസ്റ്റാര്‍ ട്രാന്‍സ്‌പോര്‍ട്ടിങ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റ് ആയാണ് ഗള്‍ഫിലെ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

2,000 ദിര്‍ഹമായിരുന്നു അന്നത്തെ ശമ്പളം. പിന്നീട് അതേ കമ്പനിയില്‍ ഓപ്പറേഷന്‍ മാനേജരായി. തുടര്‍ന്ന് ആബലോണ്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനിയിലെ പങ്കാളിയായി.2003 മുതല്‍ 2008 വരെ ‘ആബാലോണില്‍’ പ്രവര്‍ത്തിച്ചു. പിന്നീടാണ് സ്വന്തമായി ട്രോട്ടേഴ്‌സ് എന്ന എണ്ണക്കമ്പനി ആരംഭിക്കുന്നത്.

ട്രോട്ടേഴ്‌സില്‍നിന്ന് ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപിച്ചു. ബില്‍ഡ് മാക്‌സ് എന്ന മറ്റൊരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഷാര്‍ജ ഹംറിയ ഫ്രീസോണില്‍ വന്‍കിട റിഫൈനറി പ്രോജക്ട് അവസാന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് ജോയിയുടെ മരണം. ദുബായില്‍ സ്വന്തമായി എണ്ണക്കപ്പലുകളും അറയ്ക്കല്‍ ജോയിയുടെ ഉടമസ്ഥതയിലുണ്ട്.

Exit mobile version