ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ബന്ധുക്കളെ സന്ദർശിക്കാനായി ഈ അവസരം ഉപയോഗിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരാനായി ആഗ്രഹിക്കുന്ന ഇതര സംസ്ഥാനത്തെ മലയാളികൾക്കായി ഏർപ്പെടുത്തിയ നോർക്ക രജിസ്‌ട്രേഷനിൽ 94,483 പേർ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി അറിയിച്ചു. ബുധനാഴ്ച ആരംഭിച്ച നോർക്ക രജിസ്‌ട്രേഷൻ സംവിധാനത്തിൽ കർണാടകയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസറ്റർ ചെയ്തിട്ടുള്ളത്, 30 576 പേർ. തമിഴ്‌നാട്ടിൽ നിന്ന് 29,179 പേരും മഹാരാഷ്ട്രയിൽ നിന്ന് 13,113 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കായി മറ്റുസംസ്ഥാനങ്ങളിലെത്തുകയും ലോക്ക്ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങിയവർക്കായിരിക്കും മുൻഗണന ലഭിക്കുക എന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഗർഭിണികളായ സ്ത്രീകൾ, പഠിക്കുന്ന വിദ്യാർത്ഥികൾ, പ്രായമായവർ ഇത്തരം ആളുകൾക്ക് മുൻഗണന നൽകും. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ സ്ഥിരതാമസമാക്കിയവർ നാട്ടിലേക്ക് ബന്ധുക്കളെ കാണാൻ വരുന്നതിനായി ഈ സന്ദർഭം ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപന ഘട്ടത്തിൽ ഒരുപാട് ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിട്ടുണ്ട് അതുകൊണ്ട് അങ്ങനെയുള്ളവർ ഇപ്പോൾ വരേണ്ടതുണ്ടോ എന്ന് സ്വയമേവ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശമലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 3,53,468 പേർ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ യുഎഇയിൽ നിന്നാണ്. 1,53,660 പേർ. മടങ്ങിവരാൻ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ പേരും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉള്ളവരാണ്.

രജിസ്റ്റർ ചെയ്തവരുടെ കൂട്ടത്തിൽ മുൻഗണന അനുസരിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക കേന്ദ്ര സർക്കാരിനും അതത് രാജ്യങ്ങളിലെ എംബസിക്കും നൽകാൻ നിർദേശിച്ചിട്ടുണ്ട്. അപ്രകാരം ചെയ്താൽ കൃത്യമായ പ്ലാൻ കേന്ദ്ര സർക്കാരിന് തയ്യാറാക്കാനും മുൻഗണന പ്രകാരം ആളുകളെ കൊണ്ടുവരുന്നതിനും സാധിക്കും. പട്ടിക കേന്ദ്ര സർക്കാരിന് കൈമാറാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികൾക്കായി സർക്കാർ പ്രഖ്യാപിച്ച 5000 രൂപ അപേക്ഷയ്ക്കുള്ള അവസാന തീയതി മെയ് അഞ്ചുവരെ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version