സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുള്ള ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം; ഈ മാസത്തെ ശമ്പള വിതരണം വൈകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം കൊവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. തദ്ദേശവാർഡ് ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി.

ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് സർക്കാർ പുറപ്പെടുവിച്ചത്. ഇതിൻപ്രകാരം 25 ശതമാനം വരെ ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരമുണ്ട്. അതേസമയം, സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പള വിതരണം വൈകിയേക്കും.

ഓർഡിനൻസ് നടപടിക്രമം തീർന്നിട്ടാകും ശമ്പളം വിതരണം ചെയ്യുക. ശമ്പളം സർക്കാർ ജീവനക്കാർക്ക് തിരിച്ചുനൽകുന്നത് ആറ് മാസത്തിനകം തീരുമാനിച്ചാൽ മതി.

നേരത്തെ കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെ മറികടക്കാൻ സാലറി മാറ്റിവെക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഓർഡിനൻസ് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസം പിടിക്കാൻ സർക്കാർ തീരുമാനിച്ചത്.

Exit mobile version