ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികളുടെ മടക്കയാത്രാ രജിസ്‌ട്രേഷന്‍ ഇന്ന് വൈകിട്ട് മുതല്‍ ആരംഭിക്കും; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികളുടെ മടക്കയാത്രാ രജിസ്‌ട്രേഷന്‍ ഇന്ന് (29/4/2020)വൈകിട്ട് ആറ് മണി മുതല്‍ നോര്‍ക്ക ആരംഭിക്കും. www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വെബ്‌സൈറ്റില്‍ ഇടതു വശത്ത് വിദേശ മലയാളികള്ക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.

പേര്, ജനന തീയതി, ആധാര്‍ അല്ലെങ്കില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ഇപ്പോള്‍ ഉള്ള സ്ഥലത്തിന്റേയും കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങള്‍, മടങ്ങി വരുന്നതിനുള്ള കാരണം, വരാന്‍ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി വാഹനം ഉപയോഗിക്കുന്നവര്‍ വാഹന നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷനോടുനുബന്ധിച്ച് നല്‍കണം.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ , തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് ആദ്യ മുന്‍ഗണന .

Exit mobile version