ഇടുക്കിയിലെ കൊവിഡ് രോഗി ജോലി ചെയ്ത നിലമ്പൂരിലെ സ്ഥാപനത്തിലെ ഒമ്പത് പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം: ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച 23കാരന്‍ ജോലി ചെയ്ത മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരും നിരീക്ഷണത്തില്‍. നിലമ്പൂര്‍ ചന്തക്കുന്ന് ശാഖയിലെ ഒമ്പത് ജീവനക്കാരെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

രോഗം സ്ഥിരീകരിച്ച യുവാവ് മാര്‍ച്ച് 23 നാണ് നാട്ടിലേയ്ക്ക് പോയത്. സ്ഥാപനത്തില്‍ വന്നവരില്‍ നിന്നാണോ അതല്ല പുറത്ത് നിന്നാണോ വൈറസ് ബാധയുണ്ടായത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മറ്റ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇപ്പോള്‍ കണ്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പന്ത്രണ്ട് ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.

Exit mobile version