ലോകത്തോട് കേരളത്തെ ‘മാതൃകാ സംസ്ഥാനം’ എന്ന് പരിചയപ്പെടുത്തി റഷ്യൻ ചാനൽ; കൊവിഡ് പ്രതിരോധത്തിൽ കുടുംബശ്രീയ്ക്കും സ്ത്രീകൾക്കും പ്രശംസ

തൃശ്ശൂർ: കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധം വീണ്ടും അന്താരാഷ്ട്രതലത്തിൽ പ്രശംസിക്കപ്പെടുന്നു. അന്താരാഷ്ട്ര മാധ്യമമായ റഷ്യൻ ടെലിവിഷനിലാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാകുന്നുവെന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ‘മാതൃകാ സംസ്ഥാനം’ എന്നാണ് കേരളത്തെ ചാനൽ വിശേഷിപ്പിച്ചത്. കൊവിഡിന്റെ ചെയ്ൻ ബ്രേക്ക് ചെയ്യാൻ കേരളം തുടക്കം മുതൽ അതിയായി പരിശ്രമിച്ചെന്ന് അവതാരക പറയുന്നു. 3.5 കോടി ജനങ്ങളുള്ള കേരളത്തിൽ അതിൽ തന്നെ ഭൂരിഭാഗവും സ്ത്രീകളായിട്ടുള്ള നാട്ടിലെ കൊവിഡ് പ്രതിരോധം മാതൃകാപരമാണെന്ന് ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് എഴുത്തുകാരനും ചരിത്രകാരനുമായി വിജയ് പ്രസാദ് വിശദീകരിച്ചു.

ജനസംഖ്യയുടെ പകുതിയിൽ അധികം സ്ത്രീകൾ ഉള്ള നാടാണ് കേരളമെന്നും ഈ സ്ത്രീകളിൽ ഭൂരിഭാഗവും. കുടുംബശ്രീ എന്ന കൂട്ടായ്മയുടെ ഭാഗമാണെന്നും വിജയ് പ്രസാദ് വിശദീകരിക്കുന്നു. വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സർക്കാരും ആരോഗ്യമന്ത്രി കെകെ ശൈലജയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടങ്ങിയെന്നും അദ്ദേഹം വിശദീകരിച്ചു.

ട്രേഡ് യൂണിയനുകളും സന്നദ്ധസംഘടനകളും വനിതാ കൂട്ടായ്മകളും ഒരുമിച്ച് രംഗത്തിറങ്ങി. ഫാന്റസിയായി രാഷ്ട്രീയത്തെ കാണുന്നവരല്ല, പകരം ശാസ്ത്രീയമായ രീതികൾ സ്വീകരിക്കുന്നവരാണ് കെകെ ശൈലജ അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നും വിജയ് പ്രസാദ് പ്രശംസിച്ചു.

അതേസമയം, കൊവിഡ് പ്രതിരോധത്തിൽ മെച്ചപ്പെട്ട സംവിധാനങ്ങളുള്ളതും പിന്നോക്കം നിൽക്കുന്നതുമായ സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടെന്ന് ചാനൽ വിശദീകരിക്കുന്നു. ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിർബന്ധമുള്ള സർക്കാര കമ്മ്യൂണിറ്റി കിച്ചനുകളും ചർച്ചയിൽ ഇടംപിടിച്ചു. ലോകത്തൊരിടത്തും ഇങ്ങനെയൊരു ചിന്ത ഒരു ഭരണസംവിധാനത്തിനും തോന്നിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു.

Exit mobile version