കടകള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ബാധകമല്ല; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കടകള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ബാധകമല്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മറ്റിടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്ന കടകള്‍ തുറക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമപ്രദേശങ്ങളില്‍ ഷോപ്പിങ് മാളുകളല്ലാത്ത എല്ലാ കടകളും തുറക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. അവശ്യസാധനങ്ങളും അല്ലാത്തതും വില്‍ക്കുന്ന കടകള്‍ക്ക് ഇത് ബാധകമാണ്. നഗരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന കടകള്‍, അയല്‍പ്പക്ക കടകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ കടകള്‍ എന്നിവക്ക് തുറന്ന് പ്രവര്‍ത്തിക്കാം.

എന്നാല്‍ നഗരപ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ലെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. എ.സി വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ഇളവില്ല. എസി റിപ്പയറിംഗ് സ്ഥാപനങ്ങള്‍ തുറക്കാവുന്നതാണ്.

Exit mobile version