കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്രം, 50,000 ടണ്‍ ഏറ്റെടുക്കാമെന്ന് കേരളം

ആലപ്പുഴ: കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. റേഷന്‍കടവഴി വിതരണംചെയ്യാന്‍ നിലവിലുള്ള വിഹിതത്തിനു പുറമേയാണ് അരി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ആദ്യഘട്ടത്തില്‍ 50,000 ടണ്‍ അരി ഈ വിലയ്ക്ക് കേരളം ഏറ്റെടുക്കും.

സാധാരണ വിഹിതത്തിന് നിലവിലെ റേഷന്‍വില തന്നെയായിരിക്കും കാര്‍ഡുടമകള്‍ നല്‍കേണ്ടത്. അധികവിഹിതം വേണമെങ്കില്‍ കിലോയ്ക്ക് 22 രൂപ വീതം നല്‍കേണ്ടി വരും. എന്നാല്‍ ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം ചേര്‍ന്നശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

ഏപ്രിലിലെ സൗജന്യ റേഷന്‍ വിതരണംചെയ്യാന്‍ സംസ്ഥാനം മേയ്, ജൂണ്‍ മാസങ്ങളിലെ വിഹിതത്തില്‍നിന്നു വകമാറ്റിയാണ് ഉപയോഗിച്ചത്. അതിനാല്‍, മേയ് മാസത്തെ സാധാരണ റേഷന്‍ വിഹിതത്തിന് സംസ്ഥാനത്തിന്റെ പക്കല്‍ സബ്‌സിഡി അരിയില്ല. ഈ കുറവ് നികത്താന്‍ 22 രൂപയ്ക്ക് വാങ്ങുന്ന അരി ഉപയോഗിക്കാനാണു നീക്കം.

നിലവില്‍ കേരളത്തില്‍ ഭക്ഷ്യക്ഷാമമില്ലെങ്കിലും കൊറോണ നിയന്ത്രണ വിധേയമാകുന്നതു നീണ്ടാല്‍ സ്ഥിതി ഗുരുതരമാകും. ഇത് മുന്നില്‍ക്കണ്ടായിരിക്കും അധിക അരിവിഹിതം എടുക്കുന്നത് സര്‍ക്കാര്‍ തീരുമാനിക്കുക. അതേസമയം, വിലകൂടിയ അരി വില്‍ക്കുന്നതിനോട് റേഷന്‍ വ്യാപാരികളില്‍ പലര്‍ക്കും താത്പര്യമില്ല.

നേരത്തെ വിലകൂടിയ അരി ലഭ്യമാക്കിയപ്പോള്‍ അതിന് ആവശ്യക്കാരില്ലായിരുന്നുവെന്നും അത് തിരിച്ചടിയായിരുന്നെന്നുമാണ് റേഷന്‍വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അരിക്ക് ആവശ്യക്കാര്‍ ഏറാനാണു സാധ്യതയെന്നാണ് വിലയിരുത്തല്‍.

Exit mobile version