കൊവിഡ് ഇതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ഇതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരുമാനമാര്‍ഗം നിലച്ച ഡയാലിസിസ് രോഗികള്‍, അവയവ മാറ്റം നടത്തിയവര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്‍സുലിന്‍ അടക്കമുള്ള അവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനനില്‍ നിന്ന് ലഭിക്കാന്‍ താമസം വരുന്ന സാഹചര്യത്തില്‍ കാരുണ്യയില്‍ നിന്നും നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ കന്യാകുമാരി ജില്ലാ ആശുപത്രിയെ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കന്യാകുമാരി ജില്ലയില്‍ നിന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നവരുടെ സൗകര്യാര്‍ഥമാണിത്.
560 പേരാണ് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നത്. അവര്‍ക്കെല്ലാം പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version