പ്രമുഖ പടക്ക വ്യവസായി കെ.വി. രാമകൃഷ്ണന്‍ അന്തരിച്ചു

പറവൂര്‍: കേരളത്തിലെ പ്രമുഖ പടക്ക വ്യവസായി പറവൂര്‍ കണ്ണാത്തുശേരില്‍ കെ.വി. രാമകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥി കൂടിയാണ് രാമകൃഷ്ണന്‍.ശവസംസ്‌കാരം വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പില്‍ നടക്കും.

പാരമ്പര്യമായി പടക്ക വ്യവസായി ആയിരുന്ന ഇദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തും പടക്ക നിര്‍മാണത്തിലും വിപണനത്തിലും സജീവമായിരുന്നു. 5000 കിലോഗ്രാം വെടിമരുന്നിന് മദ്രാസ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ ലൈസന്‍സുള്ള കേരളത്തിലെ ഏറ്റവും വലിയ പടക്ക നിര്‍മാതാവായിരുന്നു രാമകൃഷ്ണന്‍.

പറവൂര്‍ ബര്‍മ ഫയര്‍ വര്‍ക്‌സിന്റെ മാനേജിങ് ഡയറക്ടറാണ്. 45 വര്‍ഷക്കാലം എസ്.എന്‍.ഡി.പി. യോഗത്തിന്റെ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡംഗം, ദീര്‍ഘകാലം പറവൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ്, പെരുമ്പടന്ന ശാഖാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

പറവൂര്‍ ശ്രീമൂലം ജൂബിലി ക്ലബ് ആജീവനാന്ത അംഗം, ആദര്‍ശ വിദ്യാഭവന്‍ ട്രസ്റ്റ് സ്ഥാപകാംഗം, പറവൂര്‍ വെസ്റ്റ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പറവൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്, എസ്.എന്‍.വി. സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, കെടാമംഗലം എസ്.എന്‍. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എണ്‍പതാം വയസ്സില്‍ പറവൂര്‍ പൗരാവലി ഇദ്ദേഹത്തിന് ഗുരുരത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചു. ചന്ദ്രമിത്ര പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: തൃശ്ശൂര്‍ പടിയൂര്‍ വിരുത്തിപറമ്പില്‍ കുടുംബാംഗം രമണി രാമകൃഷ്ണന്‍. മക്കള്‍: നിഷ സിറിള്‍, ഷിമി ജീവന്‍ (അധ്യാപിക പറവൂര്‍ എസ്.എന്‍.വി. സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അഡ്വ. ലിഷ സഞ്ജിത്ത് (പറവൂര്‍ കോടതി).

Exit mobile version