ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളി വരാന്തയില്‍ ഒത്തുകൂടി ലുഡോ കളി; കൊച്ചിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമെല്ലാം പാലിക്കണമെന്ന് സര്‍ക്കാരും അധികൃതരും ആവര്‍ത്തിച്ച് പറയുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെയാണ്. എന്നാല്‍ പലരും ഈ വാക്കുകള്‍ക്ക് അത്ര ഗൗരവം കൊടുത്തിട്ടില്ലെന്നതാണ് സത്യം.

ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളി വരാന്തയില്‍ കൂട്ടംകൂടി ലുഡോ ഗെയിം കളിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം ഇടക്കൊച്ചിയിലാണ് സംഭവം. കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദേശം പാലിക്കാതെ ഇടക്കൊച്ചി സെന്റ് അന്റണീസ് പള്ളി വരാന്തയില്‍ ഇരുന്ന് ലുഡോ കളിക്കുകയായിരുന്ന ടീമിനെ കഴിഞ്ഞദിവസം അഞ്ചരയോടെയാണ് പോലീസ് പിടികൂടിയത്.

ഇടക്കൊച്ചി സ്വദേശികളായ ചൂളക്കല്‍ ബിജു, നെടിയതറ ജെയിംസ്, കാന്തക്കൂട്ടിത്തറ നികര്‍ത്തില്‍ സാബു, രാധാകൃഷ്ണന്‍, പഴയകാട് നികര്‍ത്തില്‍ ആല്‍ബി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസെടുത്തു.

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചു. റെഡ് സോണായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് സോണായ മറ്റ് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും ഇളവുകള്‍ ബാധകമല്ല.

Exit mobile version