സംസ്ഥാനത്ത് മൂന്നാംഘട്ട രോഗവ്യാപനവും സമൂഹവ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല; എന്നാല്‍ ഭീഷണി ഒഴിവായിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ മൂന്നാംഘട്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍, ഭീഷണി ഒഴിവായിട്ടില്ല. ഭീഷണി നിലനില്‍ക്കുകയും തുടരുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതെസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി 4 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും, കോട്ടയം രണ്ട് പേര്‍ക്കും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്ത് പേരില്‍ നാല് പേര്‍ അയല്‍സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത് നാല് പേര്‍ക്കാണ്.

അതെസമയം ഇന്ന് 8 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങള്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. 129 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്ത് 23876 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 148 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 21334 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 20326 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version