കൊവിഡ്; ഇടുക്കി ജില്ലയെ ഗ്രീന്‍ സോണില്‍ നിന്നും മാറ്റി ; നാലുജില്ലകള്‍ റെഡ് സോണില്‍ തുടരും

തിരുവനന്തപുരം: കൊവിഡ് മുക്തമായിരുന്ന ഇടുക്കിയില്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയെ ഗ്രീന്‍ സോണില്‍ നിന്നും മാറ്റി. ഓറഞ്ച് സോണിലാണ് ഇടുക്കി ജില്ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ പോസിറ്റീവായ കേസുകള്‍ ഇല്ലാതിരുന്നതിനാല്‍ കോട്ടയം,ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകള്‍ വന്നതിനാല്‍ ഗ്രീന്‍ സോണില്‍ നിന്ന് മാറ്റി ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഈ നാലുജില്ലകള്‍ റെഡ് സോണില്‍ തുടരും. റെഡ് സോണായി കണക്കാക്കുന്ന നാലു ജില്ലകളിലും ഇപ്പോഴത്തേതു പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. കണ്ണൂര്‍ ജില്ലയില്‍ 2,592 പേര്‍ നിരീക്ഷണത്തിലുണ്ട്. കാസര്‍കോട്ട് 3,126 പേര്‍, കോഴിക്കോട് 2770 പേര്‍, മലപ്പുറത്ത് 2,465 പേര്‍ എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്.

ഈനാലു ജില്ലകള്‍ ഒഴികെയുള്ള പത്തുജില്ലകളും ഓറഞ്ച് സോണിലാണുള്ളത്. ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളില്‍ ഹോട്ട്‌സ്‌പോട്ടുകളായ പഞ്ചായത്തുകളെ ഒരു യൂണിറ്റായി എടുക്കും. ഇവ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുനിസിപ്പല്‍ അതിര്‍ത്തിയില്‍ വാര്‍ഡുകളാണ് യൂണിറ്റ്. കോര്‍പ്പറേഷനുകളില്‍ ഡിവിഷനുകളാണ് യൂണിറ്റ്. ആ വാര്‍ഡുകളും ഡിവിഷനുകളുമാണ് മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അതിര്‍ത്തികളില്‍ അടച്ചിടുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version