ആറ് ദിവസത്തിലെ ശമ്പളം അഞ്ച് മാസം പിടിക്കും; പിന്നീട് വിട്ടു നല്‍കും; സാലറി ചലഞ്ചില്‍ തീരുമാനം

തിരുവനന്തപുരം : കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള സാലറി ചലഞ്ചില്‍ തീരുമാനമായി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം വാങ്ങുന്നതിന് പകരം മാസത്തില്‍ ആറുദിവസത്തെ ശമ്പളം പിടിക്കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. ഇങ്ങനെ തുടര്‍ച്ചയായി അഞ്ചുമാസം ശമ്പളം പിടിക്കാനാണ് തീരുമാനം.

ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ച് വക്കുന്നത് വഴി ഒരു മാസത്തെ ശമ്പളത്തുക സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാനാണ് തീരുമാനം. ജീവനക്കാരില്‍ നിന്നും പിടിച്ച തുക പിന്നീട് തിരികെ നല്‍കും. ഈ തീരുമാനത്തോട് ജീവനക്കാര്‍ക്ക് കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നത് വഴി ഏതാണ്ട് 6000 കോടിയോളം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അതെസമയം 20,000 രൂപയ്ക്ക് താഴെ ശമ്പളമുള്ള പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ സഹകരിക്കണമോയെന്ന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. കൂടാതെ മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്മാര്‍ എന്നിവരുടെ ശമ്പളം പിടിക്കാനും തീരുമാനമായി. 30 ശതമാനം വീതമാണ് പിടിക്കുക. ഒരു വര്‍ഷത്തേക്കാണ് ശമ്പളം പിടിക്കുക.

Exit mobile version