പ്രതീകാത്മക പ്രതിഷേധം പോലും നടത്താന്‍ അനുവദിക്കില്ല, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് പ്രതിഷേധം പ്രഖ്യാപിച്ച ഐഎംഎയ്ക്ക് കര്‍ശന നിര്‍ദേശവുമായി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളുണ്ടായി. ആരോഗ്യപ്രവര്‍ത്തകരെ ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന സംഭവങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പ്രതീകാത്മക പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ പ്രതീകാത്മക സമരം പോലും നടത്താന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്ത്രമന്ത്രി അമിത് ഷാ. പ്രതീകാത്മക പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെ ഐഎംഎ പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.

ഇതിനിടെയാണ് അമിത് ഷാ ഐഎംഎക്ക് പ്രതീകാത്മക പ്രതിഷേധം പാടില്ലെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യവും സര്‍ക്കാരും ഡോക്ടര്‍മാര്‍ക്കൊപ്പമുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഐഎംഎ പ്രതീകാത്മക പ്രതിഷേധം പ്രഖ്യാപിച്ചത്. രാജ്യമെങ്ങുമുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മെഴുകുതിരി തെളിയിച്ച് ഇന്ന് പ്രതിഷേധിക്കണമെന്നാണ് ഐഎംഎ നിര്‍ദേശിച്ചിരുന്നത്.

വെളുത്ത കോട്ടിട്ട് മെഴുകുതിരി കത്തിച്ചായിരിക്കണം വൈറ്റ് അലര്‍ട്ട് എന്ന് പേരിട്ടിരുന്ന പ്രതിഷേധമെന്നും ഡോക്ടര്‍മാരുടെ സംഘടന കത്തിലൂടെ അറിയിച്ചിരുന്നു. ഈ പ്രതീകാത്മക പ്രതിഷേധം പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

Exit mobile version