സമൂഹ അടുക്കളയിലേയ്ക്ക് ഭക്ഷ്യക്കിറ്റും 550 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റും നല്‍കി അതിഥി തൊഴിലാളി; ഈ സ്‌നേഹം കേരളം നല്‍കിയ കരുതലിന്

കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനത്തില്‍ കുരുക്കിലായ അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനം നല്‍കിയ കരുതല്‍ ചെറുതൊന്നുമല്ല. ഇപ്പോള്‍ ഈ കരുതലിന് നന്ദി സൂചകമായി രംഗത്ത് വന്നിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശിയായ ദേശ്‌രാജ് ഗുര്‍ജര്‍. സമൂഹ അടുക്കളയിലേയ്ക്ക് ഭക്ഷ്യക്കിറ്റും നാട്ടുകാര്‍ക്ക് പച്ചക്കറിയും വിതരണം ചെയ്തിരിക്കുകയാണ് അദ്ദേഹം.

150 പേര്‍ക്കുള്ള ഭക്ഷ്യകിറ്റാണ് കുറ്റ്യാടി കായക്കൊടിയിലെ സമൂഹ അടുക്കളയ്ക്കായി ദേശ്‌രാജ് ഗുര്‍ജര്‍ എന്ന 32കാരന്‍ നല്‍കിയത്. ഇതിനു പുറമെ, കായക്കൊടി പഞ്ചായത്തിലെ 550 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റും നല്‍കി. കഴിഞ്ഞ 16 വര്‍ഷമായി പ്രദേശത്തെ മാര്‍ബിള്‍ തൊഴിലാളിയാണ് ദേശരാജ്.

ലോക്ഡൗണിന് രണ്ടാഴ്ച്ച മുമ്പാണ് നാട്ടിലേയ്ക്ക് പണമയച്ചത്. ബാക്കി കൈയ്യിലുണ്ടായിരുന്ന പണം ഉപയോഗിച്ചാണ് സാധനങ്ങളെല്ലാം വാങ്ങികൂട്ടിയത്. കിറ്റ് വിതരണത്തിന് മുന്‍കൈയ്യെടുത്ത ദേശ്‌രാജിനൊപ്പം അതിഥി തൊഴിലാളികളായ സുഹൃത്തുക്കളും കൂടെ കൂടിയിട്ടുണ്ട്. സഹായം ഇനിയുമുണ്ടാകുമെന്ന് ഇവര്‍ അറിയിച്ചു.

Exit mobile version