കളിക്കുന്നതിനിടെ പശുവിന്റെ കയറില്‍ കുരുങ്ങി, ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

പാറശ്ശാല: കളിക്കുന്നതിനിടെ പശുവിന്റെ കയറില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകള്‍ സൈറയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

സൈറ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ കളിച്ചുകൊണ്ടിരിക്കേയാണ് അപകടമുണ്ടായത്. കെട്ടഴിഞ്ഞ് ഓടിയെത്തിയ പശുവിന്റെ കയറില്‍ സൈറ കുരുങ്ങി. കയറില്‍ കുരുങ്ങിയ കുഞ്ഞിനെയുംകൊണ്ട് പശു ഓടി. ഓട്ടത്തിനിടെ നിലത്ത് കൂടി വലിച്ചിഴഞ്ഞ് കുഞ്ഞിനു ഗുരുതരമായി പരിക്കേറ്റു.

ബന്ധുക്കളുടെ മുന്നില്‍വച്ചായിരുന്നു സൈറ പശുവിന്റെ കയറില്‍ കുരുങ്ങിയത്. എന്നാല്‍ കുട്ടിയെ രക്ഷിക്കാനോ പശുവിനെ പിടിച്ചുകെട്ടാനോ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ രക്ഷിച്ചപ്പോഴേക്കും കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

വിദഗ്ധ ചികിത്സ ആവശ്യമായി വന്നതിനാല്‍ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പശുവിന്റെ കയറില്‍ കുരുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പൊഴിയൂര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹപരിശോധന തിങ്കളാഴ്ച നടക്കും.

Exit mobile version