കൊടുങ്കാറ്റില്‍ ആന പാറിപ്പോയ കഥ പറയുമ്പോഴാ ഓന്റെ കോണകം പാറിയ കഥ എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുന്നതാണ് നാട്ടിലെ ഇപ്പോഴത്തെ വിവാദം! അമേരിക്കയില്‍ നിന്നും പ്രവാസി പറയുന്നു

തൃശ്ശൂര്‍: കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയിരിക്കുമ്പോഴാണ് സ്പ്രിംഗ്‌ളര്‍ വിവാദം ഉയരുന്നത്. ലോകത്താകമാനം ഒന്നരലക്ഷത്തിലധികം പേരുടെ ജീവന്‍ കവര്‍ന്നിരിക്കുന്ന അവസരത്തിലാണ് കേരളത്തില്‍ അനാവശ്യവിവാദവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് പ്രവാസിയായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

”കേരളത്തിലെ സ്പ്രിംഗ്‌ളര്‍ വിവാദം കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്.

കാരണം ഇവിടെ അമേരിക്കയില്‍ ഞാന്‍ താമസിക്കുന്ന ന്യൂ ജേഴ്‌സി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാള്‍ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു നഴ്‌സിംഗ് ഹോമില്‍ മുറികളിലും ഫ്രീസറിലും ആയി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത് 17 മൃതദേഹങ്ങളാണ്. ഞാന്‍ താമസിക്കുന്ന ജില്ലയില്‍ മാത്രം ഇതുവരെ 216 പേര് മരിച്ചിട്ടുണ്ട്, കേരളത്തിന്റെ നാലിലൊന്ന് മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത് ഇതുവരെ നാലായിരം പേരോളം മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 33,000 പേര് മരിച്ചു. (Update ഇപ്പൊള്‍ ടിവി വച്ചപ്പോള്‍ കണ്ട കണക്ക് : 37,084 പേര് മരിച്ചു
ഡുറമലേ 2 : 38,664 deaths now)

ഏതാണ്ട് എല്ലാ ദിവസവും രണ്ടോ മൂന്നോ മലയാളികളുടെ മരണ വാര്‍ത്തക്ക് താഴെ ആദരാജ്ഞലികള്‍ എന്ന് എഴുതേണ്ടി വരുന്നുണ്ട്. പലരും വര്ഷങ്ങളായി ഇവിടെ ഉള്ളവരും, അസോസിയേഷനുകള്‍ വഴി നേരിട്ടോ , വേറെ സുഹൃത്തുക്കള്‍ വഴിയോ അറിയാവുന്നവരുമാണ്. അടുത്ത കൂട്ടുകാരോ ബന്ധുക്കളോ ഇപ്പോഴും കൊറോണ ബാധിതരായുണ്ട്.

ഇങ്ങിനെയുള്ള വാര്‍ത്തകളുടെ ഇടയില്‍, കൊറോണ പ്രധാന വാര്‍ത്തയല്ലാത്ത ഒരു നാട് കാണുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ, അതും എന്റെ നാട് തന്നെ തിരിച്ച് പഴയ പടി കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് തിരിച്ചുപോയതായി കാണുന്നത്. അതിന്റെ അര്‍ഥം കൊറോണ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തത്കാലം എങ്കിലും പ്രധാന പ്രശനം അല്ല എന്ന് തന്നെയാണ്. ഇങ്ങിനെ ആക്കിത്തീര്‍ത്തത് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും ഗവണ്മെന്റും ഒക്കെ കഠിന പ്രയത്‌നം ചെയ്തിട്ടു തന്നെയാണ്. വളരെ അധികം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കേരളത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട സന്തോഷം മറച്ചുവയ്ക്കുന്നില്ല.

പൊളിറ്റിക്‌സ് എന്നത് ബിസി നാലാം നൂറ്റാണ്ടില്‍ അരിസ്റ്റോട്ടില്‍ എഴുതിയ ഒരു പുസ്തകമാണ്. ഒരു രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്യുന്നത് എന്തോ അതാണ് രാഷ്ട്രീയം എന്ന ഒരു വ്യഖ്യാനം കൂടി രാഷ്ട്രീയത്തിനുണ്ട്. പരസ്പരം ചെളി വാരിയെറിയുന്ന കക്ഷി രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം.

കൊറോണക്കാലത്ത് നല്ല രാഷ്ട്രീയത്തിന്റെ രണ്ടു ഉദാഹരണങ്ങള്‍ കണ്ടു, ഒന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ പൊതുആരോഗ്യ സംവിധാനത്തെയും മറ്റു സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി കൊറോണയെ നേരിട്ടത്. മറ്റൊന്ന് തന്റെ എംപി ഫണ്ട് കൊറോണ പ്രതിരോധത്തിന് എങ്ങിനെ ഏറ്റവും നന്നായി ഉപയോഗിക്കാം എന്ന് കാണിച്ചു തന്ന ശശി തരൂര്‍ എംപി.

ഫേസ്ബുക്കില്‍ എങ്കിലും മോശം ഉദാഹരണങ്ങളില്‍ എനിക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവായ വിടി ബലറാമും ഉള്‍പ്പെടുന്നു എന്നത് സങ്കടം ഉള്ള കാര്യമാണ്.

ഞാന്‍ ജോലി ചെയ്യുന്നത് ഒരു സ്വിസ് ബാങ്കിലാണ്. കേരള സര്‍ക്കാരിന്റെ അത്ര തന്നെയോ അതിനേക്കാള്‍ കൂടുതലോ ആയ രഹസ്യ വിവരങ്ങള്‍ ഞങ്ങളും മൈക്രോസോഫ്റ്റും ആയി ഒരു കരാറില്‍ എത്തി ക്ളൗഡില്‍ അവരുടെ സെര്‍വറില്‍ ആണ് സ്റ്റോര്‍ ചെയ്യുന്നത്. എന്‍ക്രിപ്ഷന്‍ ഒക്കെ അറിയാവുന്നവര്‍ക്കും ക്ളൗഡ് പ്രോജെക്ടില്‍ മുന്‍പ് ജോലി ചെയ്തവര്‍ക്കും ഇതിന്റെ സാധ്യത എളുപ്പം മനസിലാകും. പക്ഷെ സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മൈക്രോസോഫ്റ്റും ആയുള്ള കരാര്‍ എഴുതാന്‍ മാത്രം ഒരു വര്‍ഷത്തില്‍ ഏറെ എടുത്തു.

ഞങ്ങളുടെ ബാങ്കിന്റെ ക്ളൗഡ് ഡാറ്റ കൈമാറ്റം കൈകാര്യം ചെയ്ത ടീമില്‍ ഉള്ള ആളെന്ന നിലയ്ക്ക് സ്പ്രിംഗ്ലര്‍ വിവാദത്തെ കുറിച്ച് ഉള്ള അഭിപ്രായങ്ങള്‍ പറയാന്‍ ജോലിയുമായി ബന്ധപ്പെട്ട ചില പരിമിതികളുണ്ട്. മാത്രമല്ല എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും ന്യൂ ജേഴ്സിയിലെ പല മലയാളികള്‍ക്കും അറിയാവുന്ന, ഞങ്ങളുടെ ഒക്കെ സ്വകാര്യ അഭിമാനമായ രാഗി തോമസാണ് ഈ കമ്പനി തുടങ്ങിയതും നടത്തിക്കൊണ്ടു പോകുന്നതും.

ഇതിനെകുറിച്ചെല്ലാം അറിയാവുന്ന, പറയാവുന്ന ചില കാര്യങ്ങള്‍ പിന്നീട് വിശദമായി എഴുതാം. ഇപ്പോള്‍ തല്ക്കാലം കൊറോണയെ എങ്ങിനെയെങ്കിലും പിടിച്ചുകെട്ടാന്‍ നോക്കാം.

കൊടുങ്കാറ്റില്‍ ആന പാറിപ്പോയ കഥ പറയുമ്പോഴാ ഓന്റെ കോണകം പാറിയ കഥ എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കരുതല്ലോ….”

Exit mobile version