രഹ്‌ന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കും

പത്തനംതിട്ട പോലീസ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: മത വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്‌ന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ ഹാജരാക്കും. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

പത്തനംതിട്ട പോലീസ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. രഹ്‌ന മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20ന് പരാതി നല്‍കിയിരുന്നു. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ശബരിമല നട തുലാമാസ പൂജയ്ക്കായി തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്‌ന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പോലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.

രഹ്‌ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്‌ന ഫാത്തിമയെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നിഷന്‍ ആയിരുന്ന രഹ്‌നയെ അന്വേഷണ വിധേയമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

Exit mobile version