ഒരിക്കൽ ഏറ്റവും ഭയപ്പെടുത്തിയിട്ടും ഒടുവിൽ ഏറ്റവും കൂടുതൽ പേരെ രോഗമുക്തരാക്കി കാസർകോട്; രാജ്യത്തിന് മാതൃകയെന്ന് അഭിനന്ദിച്ച് കേന്ദ്രസർക്കാർ

കാസർകോട്: കൊവിഡ് രോഗമുക്തരായവരിൽ ഏറ്റവും കൂടുതൽ പേർ കാസർകോട്ടുനിന്നും. ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായ കാസർകോടിനെ കേന്ദ്രസർക്കാർ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. ഇതുവരെ 115 പേരാണ് ജില്ലയിൽ രോഗവിമുക്തരായത്. ആകെ രോഗം സ്ഥിരീകരിച്ചവരിൽ 68.45 ശതമാനം പേരും സുഖം പ്രാപിച്ചു. ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിനെങ്ങും കാസർകോട്ടെ മാതൃക അനുകരണീയമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കാസർകോടിനെ വാഴ്ത്തിയത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും ആശങ്കയും ഭീതിയും പടർത്തുന്ന തരത്തിലാണ് കാസർകോട് ഒരിക്കൽ കൊറോണ വ്യാപനമുണ്ടായത്. ഒരോദിവസവും നിരവധിപേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ, കൃത്യമായ നിയന്ത്രണങ്ങളിലൂടെ ഇവിടെ രോഗവ്യാപനം തടഞ്ഞുനിർത്തി പുതിയ ഒരു മാതൃക തന്നെ ആരോഗ്യരംഗം കാണിച്ചു. കൊവിഡിനെ പിടിച്ചുകെട്ടിയ ഈ കാസർകോടൻ മാതൃകയാണ് രാജ്യത്തോട് അനുകരിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.

നാലുദിവസം കൊണ്ട് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരേയും നഴ്‌സുമാരേയും ഉൾപ്പെടുത്തി കാസർകോട് പ്രത്യേക ആശുപത്രി സജ്ജീകരിച്ചതും രോഗപ്രതിരോധം എളുപ്പമാക്കി. ജില്ലയിൽ 17,373 പേരെയാണ് ഹോം ക്വാറന്റൈനിലാക്കി പരിശോധിച്ചത്. ആരോഗ്യപ്രവർത്തകർ മുഴുവൻ വീടുകളിലും പോയി രോഗവിവരം തിരക്കിയാണ് ഇത് സാധ്യമാക്കിയത്. രണ്ടുപേർ ഡിസ്ചാർജായ ശനിയാഴ്ച ജില്ലയിൽ പുതുതായി ആർക്കും കോവിഡ് 19 രോഗം സ്ഥീരീകരിച്ചിട്ടില്ല. ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി ചുരുങ്ങുകയും ചെയ്തു.

ആകെയുള്ള ജനസംഖ്യയിൽ 15.3% പ്രവാസികളായ കാസർകോട്, വിദേശത്ത് നിന്നും തിരികെയെത്തിയവരെ കൃത്യമായി ക്വാറന്റൈൻ ചെയ്താണ് രോഗപ്രതിരോധം നടപ്പാക്കിയത്. ഈ നേട്ടവും കേന്ദ്ര ആരോഗ്യമന്ത്രാലയം എടുത്തുപറഞ്ഞിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനവുമായി ദൂരെ കിടക്കുകന്ന, വലിയൊരു വിഭാഗം പ്രവാസിസമൂഹമുണ്ടായിട്ടും ജാഗ്രതയോടെയുള്ള നടപടികളിലൂടെയാണ് കാസർകോട് കൊവിഡിനെ തടഞ്ഞു നിർത്തിയത്. കൊവിഡ് ഹോട്‌സ്‌പോട്ടായി മാറിയ ജില്ലക്ക് പ്രത്യേക ഓഫിസറെ തന്നെ സർക്കാർ നിയമിച്ചിരുന്നു. കോണ്ടാക്ട് ട്രേസിങ്ങിന് ജിയോ സ്‌പെഷ്യൽ ട്രാക്കിങ് നടത്തിയതും വൈറസ് വ്യാപനം തടയാൻ ബ്രേക്ക് ദ ചെയ്ൻ ക്യാംപയ്ൻ സജീവമാക്കിയതും തുണയായി. ആളുകൾ പുറത്തിറങ്ങാതിരിക്കാൻ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുകയാണ് ചെയ്തത്.

Exit mobile version