മൂന്നാറിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നാളെ പിന്‍വലിക്കും; ആഴ്ചയില്‍ നാല് ദിവസം കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും

ഇടുക്കി: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാര്‍ ടൗണില്‍ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നാളെ പിന്‍ലിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിച്ചു. അതേസമയം കര്‍ശന നിബന്ധനകളോടെയാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത്. ആഴ്ചയില്‍ നാല് ദിവസം രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജ്വല്ലറി, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവ പൂര്‍ണമായും അടച്ചിടാന്‍ തന്നെയാണ് തീരുമാനം.

തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ജ്വല്ലറികള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവ ഒഴികെയുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം എന്നാണ് സബ്കളക്ടര്‍ വ്യക്തമാക്കിയത്. ജില്ലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം അടുത്തയാഴ്ചയോടെ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

ആഴ്ചയില്‍ രണ്ട് ദിവസം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അണുനാശിനി തളിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളുമായി എത്തുന്ന ലോറികളിലെ ഡ്രൈവര്‍മാരെയും സഹായികളെയും വീട്ടിലേക്ക് വിടുകയില്ലെന്നും അവര്‍ക്ക് ടൗണില്‍ താമസ സൗകര്യം വ്യാപാരികള്‍ ഒരുക്കി കൊടുക്കണമെന്നും തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കളെ മൂന്നാറിലേക്ക് കൊണ്ടുവന്നാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version