എല്ലില്ലാത്ത നാവുകൊണ്ട് തന്റെ മുട്ടിൻകാലിന്റെ ബലം ആരും അളക്കണ്ട; വിജിലൻസ് കേസെടുക്കുന്നത് സ്പീക്കറുടെ ഓഫീസ് പറഞ്ഞിട്ടല്ല: പി ശ്രീരാമകൃഷ്ണൻ

മലപ്പുറം: കെഎം ഷാജി എംഎൽഎയ്ക്ക് എതിരായ അഴിമതി കേസിലെ വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ സ്പീക്കർക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാൻ അനുവദിക്കുകയാണ് വേണ്ടത്. നാവിന് എല്ലില്ലാ എന്നുള്ളത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി താൻ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിൻകാലിന്റെ ബലം ആരും അളക്കണ്ട എന്നും താനാ സംസ്‌കാരം പഠിച്ചിട്ടില്ലെന്നും സ്പീക്കർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

മുഖ്യമന്ത്രിയെ കണ്ടാൽ സ്പീക്കറുടെ മുട്ടിടിയ്ക്കുമെന്നും വിജിലൻസിന് അന്വേഷണ അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണന്നും കെ എം ഷാജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു

സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആശാസ്യമല്ല. അത് സഭയോടുള്ള അവഗണനയാണെന്നും ഇത്തരം സമീപനം ബാലിശവും അപക്വവുമാണെന്നും കെഎം ഷാജിയുടെ പേരെടുത്തു പറയാതെ സ്പീക്കർ മാധ്യമങ്ങൾക്ക് മുന്നിൽ വിമർശനം ഉന്നയിച്ചു.

പൊതുപ്രവർത്തകരുടെ അഴിമതി നിരോധന നിയമപ്രകാരം മന്ത്രിമാർക്കെതിരേ കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം. എംൽഎമാർക്കെതിരേ കേസെടുത്ത് മുന്നോട്ടു പോവണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. സ്പീക്കർ അതല്ലാതെ എന്ത് ചെയ്യും. സർക്കാർ ഏജൻസി അന്വേഷിച്ച് കണ്ടെത്തി കേസുമായി മുന്നോട്ടുപോവണമെന്ന് പറഞ്ഞാൽ കേസെടുക്കാൻ പറ്റില്ല എന്ന് പറയാനാവുമോ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കലല്ല സ്പീക്കറുടെ ജോലി. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാനനുവദിക്കണം.

എന്തിനാണീ വിവാദം എന്നെനിക്ക് മനസ്സിലാവുന്നില്ല. വിജിലൻസ് കേസെടുക്കുന്നത് സ്പീക്കർ ഓഫീസ് പറഞ്ഞിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ അവർ എഫ്‌ഐആർ തയ്യാറാക്കി. തുടർനടപടിക്കായി അനുമതി സ്പീക്കർ ഓഫീസിനോട് ചോദിച്ചു. നിയമോപദേശ പ്രകാരം മുന്നോട്ടു പോകാമെന്നാണെങ്കിൽ അത് വെട്ടിയിട്ട് നടപടി സ്വീകരിക്കാൻ പാടില്ലാ എന്നാണോ സ്പീക്കർ ചെയ്യേണ്ടതെന്നും അദ്ദേഹം ആരാഞ്ഞു.

Exit mobile version